'ഈ നിമിഷത്തിന്റെ പേരാണ് സന്തോഷം'; ലോകകപ്പ് സെമി വിജയം ആഘോഷിച്ച് സ്മൃതി മന്ദാനയുടെ കാമുകന്‍

#Lifestyle Desk
സ്മൃതി മന്ദാനയും പലാഷ് മുഛലും, സ്മൃതി മന്ദാന | Photos: instagram
സ്മൃതി മന്ദാനയും പലാഷ് മുഛലും, സ്മൃതി മന്ദാന | Photos: instagram

തിളക്കമാര്‍ന്ന സെമിഫൈനല്‍ വിജയത്തോടെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ വനിതാ ടീം ചുവടുവെച്ചത് കഴിഞ്ഞ ദിവസമാണ്. ചിരവൈരികളായ ഓസ്‌ട്രേലിയയെ അടിച്ചൊതുക്കിയാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഓസീസിനെതിരായ വിജയത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈകാരികമായ പ്രതികരണം ഏതൊരാളുടേയും കണ്ണ് നിറയ്ക്കുന്നതായിരുന്നു.

ഇപ്പോഴിതാ വിജയത്തിലെ തന്റെ ആഹ്‌ളാദം പങ്കുവെക്കുകയാണ് ഇന്ത്യന്‍ വനിതാ ടീമിലെ മുന്‍നിര ബാറ്ററായ സ്മൃതി മന്ദാനയുടെ കാമുകനും സംഗീതസംവിധായകനുമായ പലാഷ് മുഛല്‍. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. ടീം ഇന്ത്യയുടെ ആഹ്‌ളാദനിമിഷങ്ങളുടെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 

'ജീവിതത്തിലെ ഈ നിമിഷത്തിന്റെ പേരാണ് സന്തോഷം' എന്ന് ചിത്രത്തിനൊപ്പം പലാഷ് മുഛല്‍ കുറിച്ചു. ഇന്ത്യയുടെ വിജയത്തിന്റെ അമരക്കാരിയായ ജെമീമ റോഡ്രിഗസിന്റെ ചിത്രവും താരത്തെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പലാഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സെടുത്തു. എന്നാല്‍ ശക്തമായ മറുപടിബാറ്റിങ്ങിലൂടെ ഇന്ത്യ ഈ സ്‌കോര്‍ മറികടന്ന് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് ശേഷിക്കെ 48.3 ഓവറിലാണ് ഇന്ത്യലക്ഷം ഭേദിച്ചത്. ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സും സ്മൃതി മന്ദാന 24 റണ്‍സുമാണ് നേടിയത്.