'അടിസ്ഥാനരഹിതവും അസത്യവും'; മാഹിറാ ശര്‍മയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ സിറാജിന്റെ കുറിപ്പ്

നടി മാഹിറാ ശര്‍മയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളോട് പരോക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. തന്നേക്കുറിച്ച് മറ്റാരോടെങ്കിലും അന്വേഷിക്കുന്നത് നിര്‍ത്തണമെന്നാണ് മാധ്യമങ്ങളോട് സിറാജിന്റെ അഭ്യര്‍ഥന. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലെ കുറിപ്പ് വാര്‍ത്തയായതിന് പിന്നാലെ താരം പിന്‍വലിച്ചു.
വ്യാഴാഴ്ച നടി മാഹിറാ ശര്‍മ മുംബൈയില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവിടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാഹിറയോട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ചും ഇഷ്ട ടീമിനേക്കുറിച്ചും ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പിന്നാലെയാണ് പ്രതികരണവുമായി സിറാജ് രംഗത്തെത്തിയത്.
ആരുടേയും പേര് പരാമര്‍ശിക്കാതെയായിരുന്നു സിറാജിന്റെ പോസ്റ്റ്. 'എന്നെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്താന്‍ അഭ്യര്‍ഥിക്കുകയാണ്. അത് പൂര്‍ണമായും അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇതോടെ അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു', എന്നായിരുന്നു സിറാജിന്റെ വാക്കുകള്‍. കുറിപ്പ് വാര്‍ത്തയായതിന് പിന്നാലെ സിറാജ് പിന്‍വലിച്ചു.
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ സിറാജ് മാഹിറയുടെ ഒരു പോസ്റ്റിന് ലൈക് ചെയ്തിരുന്നു. പിന്നാലെ ഇരുവരും പരസ്പരം ഫോളോ ചെയ്തു. തുടര്‍ന്നാണ് പരസ്പരം കാണാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹിന്ദി- പഞ്ചാബി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമാണ് 27-കാരിയായ മാഹിറ ശര്‍മ. ജമ്മു കശ്മീര്‍ സ്വദേശിയാണ്. ചെറുപ്രായത്തില്‍ തന്നെ അവര്‍ അഭിനയരംഗത്തെത്തി. 2017-ല്‍ ആദ്യമായി ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചു. പിന്നീട് പല ജനപ്രിയ പരമ്പരകളുടേയും ഭാഗമായി. 2023-ല്‍ പഞ്ചാബി ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 50-ലേറെ സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2019-ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റായിരുന്നു.
Content Highlights: Mohammed Siraj indirectly addresses dating rumors with actress Mahira Sharma