'മമ്മൂക്കയോടൊപ്പം വേദി പങ്കിടാനായത് സ്വപ്‌ന സാക്ഷാത്കാരം, ഞാൻ തുടങ്ങിയിട്ടേയുള്ളൂ'-ഗായിക സെബ ടോമി

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ സന്തോഷവും നന്ദിയും അറിയിച്ച് ഗായിക സെബ ടോമി. താൻ തുടങ്ങിയിട്ടേയുള്ളൂവെന്നും 24-ാം വയസിൽ സംസ്ഥാന പുരസ്‌കാരം നേടാനായത് മറക്കാനാവാത്ത അനുഭവം ആയിരുന്നെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'എനിക്കുവേണ്ടി ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് എന്റെ കുടുംബത്തോടൊപ്പം സംസ്ഥാന പുരസ്‌കാരം നേടാനായത് പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമായിരുന്നു. അത് ഞാൻ എന്നും നെഞ്ചോട് ചേർക്കും. സിനിമാ രംഗത്തെ ഏറ്റവും മികച്ച പലരേയും കാണാനും മമ്മൂക്കയോടൊപ്പം വേദി പങ്കിടാനും കഴിഞ്ഞത് ഒരു സ്വപ്‌നമായിരുന്നു. ഒരുപാട് നന്ദി ദൈവമേ..! കൂടുതൽ നേട്ടങ്ങളിലേക്കുള്ള എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ.'-സെബ കുറിച്ചു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
'അംഅഃ' എന്ന ചിത്രത്തിലെ 'ആരോരും...' എന്ന പാട്ടാണ് സെബയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. അഞ്ച് വർഷത്തോളമായി സിനിമാ പിന്നണി ഗാനരംഗത്ത് സജീവമാണ് സെബ. 2021-ൽ ഇരുൾ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗരുഡനിലെ കൂരമ്പായ് പായുന്നോ, ഫിലിപ്‌സിലെ 'സദാ ഇനി ഇതാ...' എന്നീ പാട്ടുകൾ പാടി. കൂടാതെ ഓഫീസർ ഓൺ ഡ്യൂട്ടി, പൂക്കാലം എന്നീ ചിത്രങ്ങളിലും പിന്നണി ഗായികയായി. അടുത്തിടെ പുറത്തിറങ്ങിയ ലോക എന്ന ചിത്രത്തിലെ ' ക്വീൻ ഓഫ് ദി നൈറ്റ്' എന്ന പാട്ട് പാടിയതിനൊപ്പം അതിലെ വരികളും കുറിച്ചത് സെബയാണ്.
Content Highlights: singer zeba tommy shares her happiness of state film awards