'എല്ലാ മതങ്ങളേയും ബഹുമാനിക്കാനാണ് ബ്രാഹ്‌മണനായ എന്നെ പഠിപ്പിച്ചത്'; മതവിദ്വേഷത്തിനെതിരെ ഷാന്‍

ഷാന്‍/  ചെറിയ പെരുന്നാള്‍ ആശംസ അറിയിച്ച് ഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: AFP | Instagram/ shaan
ഷാന്‍/ ചെറിയ പെരുന്നാള്‍ ആശംസ അറിയിച്ച് ഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: AFP | Instagram/ shaan

ചെറിയ പെരുന്നാള്‍ ആശംസ അറിയിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ മതവിദ്വേഷ പരാമര്‍ശം നടത്തിയവര്‍ക്ക് മറുപടിയുമായി ഗായകന്‍ ഷാന്‍ മുഖര്‍ജി. ഇത്തരം പ്രചരണങ്ങളോട് മൗനം പാലിക്കുന്ന വ്യക്തിയല്ല താനെന്നും എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കാനാണ് താന്‍ പഠിച്ചതെന്നും ഷാന്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയായിരുന്നു ഷാനിന്റെ പ്രതികരണം.

തലയില്‍ തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്ന ചിത്രമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാന്‍ പോസ്റ്റ് ചെയ്തത്. 'നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ചെറിയ പെരുന്നാള്‍ ആശംസ നേരുന്നു' എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. ഇതിന് താഴെ മതവിദ്വേഷ പരാമര്‍ശവുമായി നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദു മതവിശ്വാസിയായ ഷാന്‍ ഇസ്ലാമിക വേഷം ധരിച്ചതിലെ അതൃപ്തി ആയിരുന്നു മിക്ക കമന്റുകളിലുമുണ്ടായിരുന്നത്. തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി ഷാന്‍ രംഗത്തെത്തിയത്.

മതേതര ഇന്ത്യയില്‍ ഇത്തരമൊരു മതവിദ്വേഷ പരാമര്‍ശം ഉണ്ടായത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും കരം കര്‍ദെ എന്ന സംഗീത വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് എടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തതെന്നും വീഡിയോയില്‍ ഷാന്‍ പറയുന്നു. 'ഞാന്‍ ഒരു ഹിന്ദു മതവിശ്വാസിയാണ്. ബ്രാഹ്‌മണനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനും എല്ലാ മതങ്ങളേയും ബഹുമാനിക്കാനുമാണ് വീട്ടുകാര്‍ എന്നെ പഠിപ്പിച്ചത്. എന്റെ വിശ്വാസം അതാണ്. ഓരോ ഇന്ത്യക്കാരനും വിശ്വസിക്കേണ്ടതും അങ്ങനെയാണ്. ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ എന്നെ അദ്ഭുതപ്പെടുത്തി. നിങ്ങളുടെ ചിന്തയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.' ഷാന്‍ വീഡിയോയില്‍ പറയുന്നു.

'ഇതിന് മുമ്പ് അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രത്തിന് താഴേയും വിദ്വേഷ കമന്റുകള്‍ വന്നിരുന്നു. ക്രിസ്ത്യാനികളും ഇസ്ലാം മത വിശ്വാസികളും കൂടുതലുള്ള ബാന്ദ്രയിലാണ് ഞാന്‍ വളര്‍ന്നത്. ഒരിക്കല്‍പോലും മറ്റൊരു മതവിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന വേര്‍തിരിവ് അന്ന് അനുഭവപ്പെട്ടിട്ടില്ല.' ഷാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഈ വീഡിയോക്ക് താഴേയും ഷാനിനെതിരേ വിദ്വേഷ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ പാകിസ്താനിലേക്ക് പോകുന്നതാണ് നല്ലത് എന്നുവരെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗായകനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. മതേതര രാജ്യമാണെന്ന കാര്യം ഓര്‍മപ്പെടുത്തിയ ഷാനിന് നിരവധി പേര്‍ നന്ദി അറിയിക്കുകയും ചെയ്തു. 

ഏറെ ആരാധകരുള്ള ഗായകനാണ് ഷാന്‍. ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഷാന്‍ പാടിയിട്ടുണ്ട്. നിരവധി ആരാധകരും താരത്തിനുണ്ട്. 15 ലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഷാനിനെ ഫോളോ ചെയ്യുന്നത്.
 

Content Highlights: singer shaan faces criticism for wishing eid in a skull cap