ഒരിക്കൽ വിവാഹത്തിന്റെ തൊട്ടടുത്ത് വരെ എത്തി; വിവാഹധൂർത്ത് ആർക്ക് വേണ്ടിയാണ്-ശ്രുതി ഹാസൻ

സ്വന്തം നിലപാടുകളിലും ജീവിതരീതികളിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത വ്യക്തിയാണ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. സമൂഹവും ആചാരങ്ങളും നിശ്ചയിച്ച പരമ്പരാഗതമായ ചട്ടക്കൂടുകളിൽ ഒതുങ്ങിക്കൂടാൻ എന്നും മടി കാണിച്ചിട്ടുള്ള ശ്രുതി, അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ വിവാഹം, പങ്കാളിത്തം, ദാമ്പത്യ സങ്കൽപ്പങ്ങൾ എന്നിവയെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾ ശ്രദ്ധേയമാവുകയാണ്. ബോളിവുഡ് താരം സോഹാ അലി ഖാന്റെ പോഡ്കാസ്റ്റിൽ അതിഥിയായെത്തിയപ്പോഴാണ്, വ്യക്തിജീവിതത്തിലെ സുപ്രധാനമായ ചില തീരുമാനങ്ങളെക്കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും ശ്രുതി മനസ്സുതുറന്നത്.
താൻ ഒരിക്കൽ വിവാഹത്തിന്റെ തൊട്ടടുത്ത് വരെ എത്തിയതാണെന്ന വെളിപ്പെടുത്തലാണ് ശ്രുതി നടത്തിയ പ്രധാന കാര്യങ്ങളിലൊന്ന്. എന്നാൽ, ആ അനുഭവം വിവാഹമെന്ന വ്യവസ്ഥിതിയോടുള്ള തന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്ന് താരം വ്യക്തമാക്കി. വിവാഹം എന്ന സങ്കൽപ്പത്തിന് താൻ പൂർണമായും എതിരല്ലെന്നും, എന്നാൽ ഒരു നിയമപരമായ ഉടമ്പടിയോ രേഖയോ ഉള്ളതുകൊണ്ട് മാത്രം രണ്ടുപേർ ഒന്നിച്ചുജീവിക്കണം എന്ന ആശയത്തോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും ശ്രുതി പറഞ്ഞു.
'ജീവിതത്തിൽ എന്നെ ആരും ഒരു പെട്ടിയിലാക്കി അടച്ചിടാൻ ശ്രമിച്ചിട്ടില്ല. ചില കാര്യങ്ങളിൽ ഞാൻ വളരെ പാരമ്പര്യവാദിയും യാഥാസ്ഥിതികയുമാണ്. എന്നാൽ അത് ആരും എന്നിൽ അടിച്ചേൽപ്പിച്ചതല്ല, സ്വയം തിരിച്ചറിഞ്ഞതാണ്. എനിക്ക് എന്നും നല്ലൊരു കൂട്ട് അത്യന്താപേക്ഷിതമാണ്. എങ്കിലും വിവാഹമെന്ന പേരിൽ നടക്കുന്ന നിയമപരമായ കടലാസ് പണികളും, ദൂർത്തടിച്ചുള്ള ആഘോഷങ്ങളും, മറ്റുള്ളവരെ കാണിക്കാനായുള്ള ആഡംബര പ്രകടനങ്ങളും കാണുമ്പോൾ 'ഇതൊക്കെ നമ്മൾ ആർക്കുവേണ്ടിയാണ് ചെയ്യുന്നത്?' എന്ന് തോന്നിപ്പോകാറുണ്ടെന്നും ശ്രുതി അഭിപ്രായപ്പെട്ടു.
വിവാഹച്ചടങ്ങുകൾക്കായി കോടികൾ വെള്ളം പോലെ ഒഴുക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് താരം ഉന്നയിച്ചത്. വലിയ തുക ചെലവഴിച്ച് ആഡംബര വിവാഹങ്ങൾ നടത്തുന്നവരെ കുറ്റപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ, അത്തരം പണം ചാരിറ്റി പ്രവർത്തനങ്ങൾക്കും അർഹരായ പാവപ്പെട്ടവർക്കും നൽകുന്നതല്ലേ കൂടുതൽ അർത്ഥവത്താകുന്നത് എന്ന് താരം ചോദിക്കുന്നു.
മക്കളെക്കുറിച്ചുള്ള ചോദ്യത്തിന്, ഭാവിയിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തനിക്ക് വലിയ താല്പര്യമുണ്ടെന്ന മറുപടിയാണ് ശ്രുതി നൽകിയത്. അമ്മയാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്. സ്വന്തമായി ഒരു കുഞ്ഞിന് ജന്മം നൽകിക്കൊണ്ട് മാതൃത്വം അനുഭവിക്കാനും, അതോടൊപ്പം തന്നെ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താനും താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം തുറന്നുപറഞ്ഞു.
പോപ്പ് ആർട്ടിസ്റ്റായ ശന്തനു ഹസരികയുമായി നാല് വർഷത്തോളം നീണ്ട പ്രണയബന്ധത്തിലായിരുന്നു ശ്രുതി. എന്നാൽ 2024-ൽ ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു. നിലവിൽ താൻ സിംഗിളാണെന്നും സ്വന്തം കരിയറിലും വ്യക്തിഗത വളർച്ചയിലുമാണ് പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും താരം സ്ഥിരീകരിച്ചു.
രജനികാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലോകേഷ് കനകരാജ് ചിത്രം 'കൂലി' ആണ് ശ്രുതി ഹാസന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ കളക്ഷൻ നേടി തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
Content Highlights: Shruti Haasan revealed she was once close to getting married., She criticized extravagant wedding spending and questioned the need for lavish celebrations., She expressed a desire to adopt a child in the future., She confirmed she is currently single after her breakup with Santanu Hazarika in 2024., Her recent blockbuster film was Lokesh Kanagaraj's 'Coolie' starring Rajinikanth.