കാസ്റ്റിങ് കൗച്ച് സത്യമാണ് പോകുന്നിടത്തെല്ലാം അച്ഛനുമമ്മയും കൂടെ വന്നിരുന്നു -ശ്രേയാ ഘോഷാൽ

തന്റെ മാന്ത്രിക ശബ്ദം കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന ഗായികയാണ് ശ്രേയാ ഘോഷാൽ. സംഗീതയാത്രയിൽ വിജയക്കൊടി പാറിക്കുമ്പോഴും ഇൻസ്ട്രിയിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് അവർ തുറന്നുപറയാൻ മടി കാണിക്കാറില്ല. അടുത്തിയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തെക്കുറിച്ചും, സോഷ്യൽ മീഡിയ വന്നതോടെ ഇൻഡസ്ട്രിയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും, കലാകാരന്മാരുടെ പ്രതിഫലത്തെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങൾ അവർ വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയ ശക്തമാകുന്നതിന് മുൻപുള്ള കാലഘട്ടം ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌കരമായിരുന്നുവെന്നും ശ്രേയ എടുത്തുപറഞ്ഞു. സ്വന്തമായി അനുഭവങ്ങൾ ഇല്ലെങ്കിൽ പോലും, ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ചൂഷണങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണ് ശ്രേയാ ഘോഷാൽ പങ്കുവെച്ചത്.
മ്യൂസിക് ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കവേ, നിലവിലെ സാഹചര്യങ്ങൾ മുൻപത്തേക്കാൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ശ്രേയ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്ത്, ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചിരുന്ന സ്ത്രീകൾക്ക് കടുത്ത പ്രതിസന്ധികളും ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളുടെ വരവോടെ കാര്യങ്ങൾ കൂടുതൽ സുതാര്യമാവുകയും അനീതികൾക്കെതിരെ ശബ്ദമുയർത്താൻ അവസരമുണ്ടാകുകയും ചെയ്തുവെന്നും അവർ പറയുന്നു.
പതിമൂന്നാം വയസ്സിൽ തന്നെ കരിയർ ആരംഭിച്ച തനിക്ക്, ഇത്തരം മോശം അനുഭവങ്ങളോ കാസ്റ്റിംഗ് കൗച്ചോ നേരിടേണ്ടി വന്നിട്ടില്ലെന്ന് ശ്രേയ തുറന്നുപറയുന്നു. ഇതിന് പ്രധാന കാരണം തന്റെ മാതാപിതാക്കളായിരുന്നു. ചെറുപ്പകാലത്ത് എവിടെപ്പോകുമ്പോഴും മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, തന്നോട് അനാവശ്യമായോ മോശമായോ എന്തെങ്കിലും സംസാരിക്കാൻ പോലും ആരും തുനിഞ്ഞിരുന്നില്ലെന്നും ശ്രേയ തുറന്നുപറഞ്ഞു. കുടുംബത്തിന്റെ കരുതലും സംരക്ഷണവും തനിക്ക് ഒരു സുരക്ഷാ കവചമായി മാറുകയായിരുന്നു. എന്നാൽ, താൻ നേരിട്ടിട്ടില്ല എന്നതുകൊണ്ട് മാത്രം ഇൻഡസ്ട്രിയിൽ അങ്ങനെ ഒന്നില്ല എന്ന് പറയാൻ കഴിയില്ലെന്നും കാസ്റ്റിംഗ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്നും അവർ പറഞ്ഞു.
പ്രതിഫല വ്യത്യാസവും ഇൻഡസ്ട്രിയിലെ തെറ്റിദ്ധാരണകളും
ചലച്ചിത്ര സംഗീത മേഖലയിലെ പ്രതിഫല തുകകളെക്കുറിച്ചും നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളെക്കുറിച്ചും ശ്രേയാ ഘോഷാൽ മനസ്സ് തുറന്നു. ഇൻഡസ്ട്രിയിലെ വേതന വ്യത്യാസം എന്നത് കേവലം ലിംഗാധിഷ്ഠിതമായ ഒന്ന് മാത്രമല്ലെന്ന് അവർ വ്യക്തമാക്കി. പുരുഷന്മാരായ ഗായകർക്കും തുടക്കകാലത്ത് ഇതേ വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. സ്വന്തം കരിയറിന്റെ തുടക്കത്തിൽ പ്രതിഫലം ഇല്ലാതെ സൗജന്യമായി നിരവധി പാട്ടുകൾ പാടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രേയ വെളിപ്പെടുത്തി. 'ഇൻഡസ്ട്രിയിൽ പ്രതിഫലത്തെക്കുറിച്ച് വലിയ രീതിയിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, അർജീത് സിംഗിനെപ്പോലുള്ള മുൻനിര ഗായകർക്ക് ഇത്രയും വലിയ തുക ലഭിക്കുന്നു എന്നൊക്കെ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും ശരിയല്ല. ഇന്ന് ഇൻഡസ്ട്രിയിലുള്ള മികച്ച ഗായകരെല്ലാം തന്നെ പലപ്പോഴും പ്രതിഫലം വാങ്ങാതെയും ജോലികൾ ചെയ്യാറുണ്ട്. അതേസമയം, അർഹമായ അവസരങ്ങളും വലിയ പ്രൊജക്റ്റുകളും വരുമ്പോൾ മാത്രമാണ് അവർ അർഹിക്കുന്ന വലിയ തുക ഈടാക്കുന്നതെന്നും ശ്രേയ വെളിപ്പെടുത്തി.
Content Highlights: Shreya Ghoshal confirmed that the casting couch is a reality in the industry, though she personally avoided it thanks to her parents accompanying her everywhere., Social media has brought transparency and made it easier for women to speak out against exploitation compared to earlier times., Pay disparity in the music industry is complex, and top singers like Arijit Singh also work for free at times despite rumors of high earnings.