'മോശം വ്യക്തിയായി ചിത്രീകരിച്ചു, തകര്‍ന്നുപോയി'; വെളിപ്പെടുത്തി ഐശ്വര്യറായിയുടെ സഹോദരഭാര്യ

ശ്രിമ, ഐശ്വര്യ റായ് | Photo:www.facebook.com/theurbanunwind,AFP
ശ്രിമ, ഐശ്വര്യ റായ് | Photo:www.facebook.com/theurbanunwind,AFP

ഇന്ത്യന്‍ സിനിമാ ലോകത്തിന് ഏറെ പ്രിയങ്കരിയാണ് ഐശ്വര്യ റായി. വെള്ളിത്തിരയിലെ ജീവിതം പോലെതന്നെ നടിയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായിയുടെ സഹോദര ഭാര്യ ശ്രിമ റായിക്ക് എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഐശ്വര്യ റായിയുമായി ശ്രിമ സ്വരചേര്‍ച്ചയിലല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൈബര്‍ ട്രോളുകള്‍.

തന്നെയൊരു മോശം കഥാപാത്രമായി സമൂഹമാധ്യമങ്ങള്‍ ചിത്രീകരിച്ചതിനേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വ്‌ളോഗര്‍ കൂടിയായ ശ്രിമ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രിമ ഈ സംഭവത്തേക്കുറിച്ച് വ്യക്തമാക്കിയത്. അഭിമുഖത്തില്‍ ഐശ്വര്യയുടെ പേര് സൂചിപ്പിക്കാതെയാണ് ശ്രിമ അഭിപ്രായപ്രകടനം നടത്തിയത്.

വ്ളോഗര്‍ എന്നരീതിയില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്തിയ വ്യക്തിയാണ് താനെന്നും തുടര്‍ച്ചയായുണ്ടായ വ്യക്തിഹത്യ മാനസികമായി തളര്‍ത്തിയെന്നും ശ്രിമ പറയുന്നു. തന്നെ ഒരു മോശം കഥാപാത്രമായി ചിത്രീകരിച്ചുവെന്നും അവര്‍ പറയുന്നു. ഒരാവശ്യവുമില്ലാതെ എന്നെ താരതമ്യപ്പെടുത്തികൊണ്ടുള്ള ട്രോളുകള്‍ വന്നിരുന്നു. ഒരു സ്ത്രീയുടെ ജീവിതയാത്രയെ മറ്റൊരു സത്രീയുമായി ഉപമിക്കുന്നതില്‍ കാര്യമില്ല. നിങ്ങള്‍ ഒരാളുടെ ആരാധകര്‍ ആയതിന്റെ പേരില്‍ മറ്റൊരാളെ തകര്‍ക്കേണ്ടതില്ല, ശ്രിമ പറയുന്നു.

ഐശ്വര്യറായിയുടെയോ മകള്‍ ആരാധ്യ ബച്ചന്റെയോ ഒരു ചിത്രംപോലും ശ്രിമ പങ്കുവെച്ചിട്ടില്ലെന്ന് ആരോപിച്ചാണ് വിമർശനങ്ങളുണ്ടായത്. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഒരാള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ മറുപടിയുമായി ശ്രിമയും രംഗത്തുവന്നു. ഐശ്വര്യ റായിയുടെ പേജില്‍ തങ്ങളുടെ ചിത്രങ്ങളും പങ്കുവെയ്ക്കാറില്ലെന്ന് ശ്രിമ ചൂണ്ടിക്കാട്ടി. ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ശ്രിമ അസൂയക്കാരിയാണെന്നും കമന്റുകള്‍ വന്നിരുന്നു.

Content Highlights: Shirma Rai Speaks Out Against Cyberbullying