പിതാവിന്റെ ആരോഗ്യസ്ഥിതി മോശം; ലണ്ടനിലേക്ക് യാത്രാനുമതി തേടി ശില്പ ഷെട്ടിയും രാജ് കുന്ദ്രയും കോടതിയില്‍

#Lifestyle Desk
ശില്‍പ ഷെട്ടി കുന്ദ്ര, രാജ് കുന്ദ്ര.|Photo: PTI
ശില്‍പ ഷെട്ടി കുന്ദ്ര, രാജ് കുന്ദ്ര.|Photo: PTI

വിദേശയാത്രയ്ക്കായി അനുമതി തേടി ശില്‍പ ഷെട്ടി കുന്ദ്രയും രാജ് കുന്ദ്രയും വീണ്ടും കോടതിയില്‍. ലണ്ടനില്‍ താമസിക്കുന്ന രാജ് കുന്ദ്രയുടെ അസുഖബാധിതനായ പിതാവിനെ സന്ദര്‍ശിക്കാനുള്ള അനുമതി തേടിയാണ് ഇരുവരും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 60 കോടി രൂപയുടെ വഞ്ചനാക്കേസ് നിലനില്‍ക്കുന്നതിനാല്‍ വിദേശയാത്ര അനുവദിക്കാന്‍ കഴിയില്ല എന്ന് കോടതി ഇതിനുമുന്‍പ് അറിയിച്ചിരുന്നു.

ഇരുമ്പിന്റെയും അമോണിയയുടേയും കുറവുകാരണം രാജ് കുന്ദ്രയുടെ അച്ഛന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ചാണ് യാത്രാനുമതി തേടിയത്. ഈ പ്രശ്‌നം കാരണം അദ്ദേഹത്തിന് കഴിഞ്ഞമാസം അമിതമായ രക്തസ്രാവം ഉണ്ടാവുകയും ആരോഗ്യസ്ഥിതി  സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു എന്ന്‌ ഹര്‍ജിയില്‍ പറയുന്നുണ്ട്. രോഗത്തിന് പ്രതിവിധിയായി കാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപ്പി അല്ലെങ്കില്‍ ഡബിള്‍ ബലൂണ്‍ എന്‍ഡോസ്‌കോപ്പി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തി 2026 ജനുവരി 20-നകം ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ദമ്പതിമാര്‍ക്കെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഒരു വിനോദയാത്ര അല്ലെന്നും അനുമതി ലഭിച്ചാല്‍ രാജ് കുന്ദ്രയുടെ അച്ഛനെ കണ്ട് അനുവദിച്ച സമയത്തിനുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

2015 മുതല്‍ 2023 വരെ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60 കോടി നിക്ഷേപിക്കാന്‍ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും ചേര്‍ന്ന് പ്രേരിപ്പിച്ചതായും ആ തുക സ്വന്തം നേട്ടങ്ങള്‍ക്കായി അവര്‍ ഉപയോഗിച്ചതിനാല്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്നാരോപിച്ച് ദീപക് കോത്താരി എന്നയാളാണ് കുന്ദ്ര ദമ്പതിമാര്‍ക്കെതിരെ പരാതി നല്‍കിയത്.

കേസന്വേഷിക്കുന്ന മുംബൈ സിറ്റി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ താത്കാലികമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ ഇതിനുമുന്‍പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതിനുശേഷം ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ജനുവരി വരെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്താനും അനുമതി തേടിയിരുന്നു. പിന്നീട് ശില്‍പ തന്നെ അപേക്ഷ പിന്‍വലിക്കുകയായിരുന്നു.

Content Highlights: Shilpa Shetty and Raj Kundra appeal to Bombay High Court for travel permission to visit Raj`s ailing father in London. Details of the case and their plea.