ഇനി ജീവിതത്തിന്റെ പുതിയ ഇന്നിങ്‌സ്; ശിഖർ ധവാനും സോഫി ഷൈനും വിവാഹിതരായി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും പ്രണയിനിയായ സോഫി ഷൈനും വിവാഹിതരായി. ഡൽഹിയിൽ ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരുവർഷത്തിലേറെ നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനിനെ ശിഖർ ധവാൻ വിവാഹം ചെയ്യുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ശിഖർ ധവാന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്രീം നിറത്തിലുള്ള ഷെർവാണിയാണ് ധവാൻ വിവാഹദിവസം ധരിച്ചത്. അതിനോട് യോജിക്കുന്ന ലെഹങ്കയാണ് സോഫി ധരിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകളിട്ടത്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആരാണ് സോഫി ഷൈൻ?
യുഎസ് കമ്പനിയായ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷന്റെ രണ്ടാം വൈസ് പ്രസിഡന്റ് (പ്രൊഡക്ട് കൺസൾട്ടന്റ്) ആണ് സോഫി ഷൈൻ. അയർലൻഡിലെ കാസ്റ്റ്‌ലെറോയ് കോളേജിൽ നിന്നാണ് സോഫി ബിരുദമെടുത്തത്. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദവും സോഫി നേടി. താൻ ജോലി ചെയ്യുന്ന യുഎഇയിൽ വെച്ചാണ് സോഫി ശിഖർ ധവാനെ കണ്ടുമുട്ടിയത്.
ശിഖർ ധവാന്റെ രണ്ടാം വിവാഹമാണ് ഇത്. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള കിക്ക് ബോക്സറായ ആയേഷ മുഖർജിയാണ് ധവാന്റെ ആദ്യഭാര്യ. 2012-ൽ വിവാഹിതരായ ഇരുവരും 2023-ലാണ് വിവാഹമോചിതരായത്. ഇരുവർക്കും സോരാവർ എന്ന മകനുണ്ട്.
Content Highlights: Former Indian opener Shikhar Dhawan officially married his partner Sophie Shine in an intimate ceremony in Delhi on Saturday. The wedding follows a year of dating and a January engagement. Sophie, an Irish professional working as a Vice President at Northern Trust Corporation in the UAE, met Dhawan in Dubai. Teammate Yuzvendra Chahal shared the first glimpse of the couple, with Dhawan in a cream sherwani and Sophie in a matching lehenga.