'ഞാനിതുപോലെ മുംബൈയിലോ ഡല്‍ഹിയിലോ നടന്നിരുന്നെങ്കിലോ'-തുറിച്ചുനോട്ടങ്ങളില്ലാത്ത ബ്രസീലിനെ കുറിച്ച് ഷെനാസ്

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും സ്ത്രീകള്‍ ആളുകളുടെ തുറിച്ചുനോട്ടത്തിന് ഇരയാകാറുണ്ട്. അവരുടെ വസ്ത്രമായിരിക്കും മിക്കപ്പോഴും ഇതിന് കാരണം. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ബ്രസീലില്‍ താന്‍ അനുഭവിച്ച വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടിയും ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറുമായ ഷെനാസ് ട്രഷറി.
ബിക്കിനി ടോപ്പും ഷോര്‍ട്‌സും വട്ടത്തൊപ്പിയും ധരിച്ച് ബാക്ക്പാക്കുമായി ബ്രസീലിലെ തെരുവുകളിലൂടെ അലസമായി നടക്കുന്ന വീഡിയോയാണ് അവര്‍ പോസ്റ്റ് ചെയ്തത്. ആരും തന്നെ തുറിച്ചുനോക്കിയില്ലെന്നും ഇത്രയും സ്വാതന്ത്ര്യത്തോടെ ഇന്ത്യയില്‍ സഞ്ചരിക്കാനാകില്ലെന്നും അവര്‍ പറയുന്നു.
'ആളുകളുടെ വിലയിരുത്തലുകളില്‍ നിന്നും തുറിച്ചുനോട്ടങ്ങളില്‍ നിന്നും സ്വതന്ത്രമായിരിക്കുന്നത് എങ്ങനെയാണെന്ന് ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കണം. ഇവിടെ ഒരു സ്ത്രീയായിരിക്കുന്നത് സുരക്ഷിതവും സ്വതന്ത്രവുമാണ്! ഒരുപക്ഷേ എന്റെ ഫോണ്‍ സുരക്ഷിതമല്ലായിരിക്കാം. പക്ഷേ എന്റെ ശരീരം സുരക്ഷിതമാണ്' അവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഇതിനൊപ്പം ഇന്ത്യയിലെ തന്റെ അനുഭവങ്ങളുമായി ഇതിനെ അവര്‍ താരതമ്യം ചെയ്തു. 'ഞാനിതുപോലെ ഡല്‍ഹിയിലോ മുംബൈയിലോ നടന്നാലോ, ഹോ!' എന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
ഈ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പല ഉപയോക്താക്കളും അവരെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തെ ചോദ്യം ചെയ്തു. ഗോവയില്‍ തന്റെ ഭാര്യയ്ക്ക് ഇത്തരത്തില്‍ വസ്ത്ര സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
നഗ്നതയാണ് സ്വാതന്ത്ര്യം എന്നല്ല അവര്‍ അര്‍ത്ഥമാക്കുന്നതെന്നും ആരുടേയും പരിഹാസമോ തുറിച്ചുനോട്ടമോ ഇല്ലാതെ ഇഷ്ടമുള്ള വസ്ത്രം
ധരിക്കുന്നതിനെയാണ് അവര്‍ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് ഒരു ഉപയോക്താവ് കുറിച്ചത്. ,'എന്തിനാണ് ആളുകള്‍ ഇത്രയധികം പ്രകോപിതരാകുന്നത്? ഇവിടെ അവര്‍ സ്വന്തം കാര്യങ്ങള്‍ നോക്കിപ്പോകുന്നുവെന്നും, അവള്‍ എന്ത് ധരിച്ചിരിക്കുന്നുവെന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും, അതാണ് സ്വാതന്ത്ര്യം എന്നുമാണ് അവള്‍ ചൂണ്ടിക്കാണിക്കുന്നത്' എന്നായിരുന്നു ഒരു കമന്റ്.
'കുറച്ച് വസ്ത്രം ധരിക്കുന്തോറും നിങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന ഈ ആശയം എന്തിനാണ് ഇപ്പോഴത്തെ ആളുകള്‍ പ്രചരിപ്പിക്കുന്നത്?? ഇത് സ്വാതന്ത്ര്യമല്ല' എന്നായിരുന്നു മറ്റൊരു പ്രതികരണം. ഇ്ത്തരത്തില്‍ വിമര്‍ശിച്ചുള്ള കമന്റുകളോട് ഷെനാസ് തന്റെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പോസ്റ്റ് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഭയമോ വിലയിരുത്തലോ കൂടാതെ വസ്ത്രം ധരിക്കാനുള്ള അവകാശത്തെക്കുറിച്ചുമാണെന്ന് ഷെനാസ് വ്യക്തമാക്കി.
'കമന്റിലുള്ളത് മുഴുവന്‍ ഈ 'സ്വാതന്ത്ര്യ'ത്തില്‍ അസ്വസ്ഥരായ പുരുഷന്മാരാണ്. ഇതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിലയിരുത്തലുകളോ മോശം നോട്ടങ്ങളോ ഇല്ലാതെ സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ധരിക്കാനുള്ള സുരക്ഷയാണ്. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സ്ത്രീകള്‍ക്ക് മനസിലാകുന്നുണ്ട്. ഒരുപക്ഷേ പുരുഷന്മാര്‍ക്ക് മനസിലാകില്ല. അവര്‍ ഈ റീല്‍ വിട്ടുകളയുക. കാരണം ഞാന്‍ ഇവിടെ സ്ത്രീകളോടാണ് സംസാരിക്കുന്നത്' എന്നായിരുന്നു ഷെനാസിന്റെ പ്രതികരണം.
Content Highlights: shenaz treasurys video from brazil for indian women divides internet