ഒരു കുട്ടി ഉള്ളപ്പോൾ ഇനി എന്തിനാണ് മറ്റൊരു കുട്ടി? അന്ന് ശരദ് പവാർ മകളോട് ചോദിച്ചു

സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' പോഡ്കാസ്റ്റിൽ സംസാരിക്കവെ, പിതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ശരദ് പവാറിനെക്കുറിച്ച് മകൾ സുപ്രിയ സുലെ പങ്കുവെച്ച ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ശരദ് പവാർ വിവാഹത്തിന് മുൻപ് പ്രതിഭാ പവാറിന് മുന്നിൽ വെച്ച ഒരു പ്രത്യേക നിബന്ധനയെക്കുറിച്ചാണ് സുപ്രിയ സുലെ സംസാരിച്ചത്. ആണായാലും പെണ്ണായാലും ഒരു കുട്ടി മതി എന്നായിരുന്നത്രേ ആ നിബന്ധന.
കുടുംബത്തിൽ ആൺകുട്ടികൾക്ക് മുൻഗണന നൽകുന്ന രീതി നിലനിന്നിരുന്ന കാലത്താണ് ശരദ് പവാർ വ്യത്യസ്തമായ നിലപാട് ജീവിതത്തിൽ സ്വീകരിച്ചത്. ആൺകുട്ടി തന്നെ വേണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കുട്ടി മാത്രം മതി എന്ന തീരുമാനത്തിനൊപ്പം, കുടുംബത്തിൽ നിന്നോ പുറത്തുനിന്നോ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നതായി സുപ്രിയ ഓർത്തെടുക്കുന്നുണ്ട്. മകൾ ജനിച്ച ശേഷം, കുടുംബാസൂത്രണത്തിനുള്ള ഉത്തരവാദിത്വം ശരദ് പവാർ തന്നെ ഏറ്റെടുക്കുകയാണുണ്ടായതെന്നും സുപ്രിയ തുറന്നുപറഞ്ഞു.
വർഷങ്ങൾക്കുശേഷം സുപ്രിയ സുലെ തന്റെ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ പിതാവ് സന്തോഷിക്കുമെന്നാണ് കരുതിയത്. എന്നാൽ, അദ്ദേഹത്തിന്റെ പ്രതികരണം സുപ്രിയയെ അദ്ഭുതപ്പെടുത്തുകയാണുണ്ടായത്.
'ഒരു കുട്ടി ഉള്ളപ്പോൾ ഇനി എന്തിനാണ് മറ്റൊരു കുട്ടി?' എന്നായിരുന്നു വാർത്ത കേട്ടയുടൻ അച്ഛനെന്നോട് ചോദിച്ചത്. ഒറ്റക്കുട്ടി മതി എന്ന തന്റെ ഉറച്ച നിലപാട് അദ്ദേഹം ജീവിതത്തിൽ എന്നും കാത്തുസൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ പ്രതികരണം. എന്നാൽ, അന്തിമ തീരുമാനം സുപ്രിയയ്ക്കും ഭർത്താവിനും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറാവുകയും ചെയ്തു. ആൺകുട്ടിയോടുള്ള അമിത താല്പര്യമില്ലാതെ, ഒരു പെൺകുട്ടിയെ മാത്രം വളർത്താനും അവൾക്ക് പൂർണ്ണ പിന്തുണ നൽകാനും ശരദ് പവാർ കാണിച്ച നിലപാടിനെക്കുറിച്ചാണ് സുപ്രിയ സുലെ സംസാരിച്ചത്.
Content Highlights: Sharad Pawar's progressive mindset before marriage regarding having only one child., Equally accepting of a boy or a girl, with no preference for a male heir., Considered adoption and took personal responsibility for family planning., Supriya Sule's revelation on Soha Ali Khan's podcast 'All About Her'.