മെസ്സിക്കൊപ്പമൊരു ഫോട്ടോ; സെലിബ്രിറ്റി കിഡ്സ് മുടക്കിയത് കോടികള്‍

മുംബൈയിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാന്‍ ബോളിവുഡ് സെലിബ്രിറ്റികളുടെ ഒരു നീണ്ട നിരയാണ് കാത്തിരുന്നത്. മിക്കവരും മക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണെത്തിയത്. അതിന് ലക്ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്തു. ഷാഹിദ് കപൂര്‍, ശില്‍പ ഷെട്ടി, കരീനാ കപൂര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ മക്കള്‍ക്കൊപ്പം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെത്തി.
മക്കളായ മിഷയ്ക്കും സൈനിയ്ക്കുമൊപ്പമാണ് ഷാഹിദ് കപൂര്‍ എത്തിയത്. മെസ്സിയോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. 'ഇപ്പോള്‍ നീയൊരു GOAT അച്ഛനായി' എന്ന് ഇതിനൊപ്പം കുറിച്ചു.
മക്കളായ ജഹാംഗീറിനും തൈമൂറിനുമൊപ്പമാണ് കരീന മെസ്സിയെ കാണാനെത്തിയത്. ഇരുവരും അര്‍ജന്റീനയുടെ ജഴ്‌സി ധരിച്ചിരുന്നു. കരീനയും മക്കളും മെസ്സിക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ഇതിനായി നടി 40 ലക്ഷം രൂപയാണ് മുടക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മകന്‍ വിയാനൊപ്പമാണ് ശില്‍പാ ഷെട്ടി പരിപാടിയില്‍ പങ്കെടുത്തത്. 'മകന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു' എന്നായിരുന്നു മെസ്സിയെ കണ്ടശേഷം ശില്‍പാ ഷെട്ടിയുടെ പ്രതികരണം. മകന്‍ യുഗിനൊപ്പമാണ് അജയ് ദേവ്ഗണ്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തിയത്.
Content Highlights: shahid kapoor kareena kapoor and shilpa shettys children meet messi