അതിര്‍ത്തികള്‍ മായ്ക്കുന്ന സ്‌നേഹം; ബുംറയുടെ സ്വന്തം അംഗദിന് സമ്മാനപ്പൊതി കൈമാറി അഫ്രീദി

ആരാധകര്‍ക്കിടയില്‍ എപ്പോഴും വീറും വാശിയും നിറയ്ക്കുന്നതാണ് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍. എന്നാല്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള വീറും വാശിയും ഗ്രൗണ്ടിനുള്ളില്‍ മാത്രമേയുണ്ടാകൂ. ഗ്രൗണ്ടിന് പുറത്ത് പരസ്പരം സ്‌നേഹിക്കുന്ന സാധാരണ മനുഷ്യരാണ് അവര്‍.
ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും പാകിസ്താന്‍ എതിരാളി അര്‍ഷാദ് നദീമും അതിന് മികച്ച ഉദാഹരണങ്ങളാണ്. ഫീല്‍ഡിന് പുറത്ത് ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റേയും ചേര്‍ത്തു പിടിക്കുന്നതിന്റേയുമെല്ലാം വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ട്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുമുണ്ട്.
അതുപോലെ ഹൃദയത്തെ തൊടുന്ന ഒരു ചിത്രം കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പിനിടയിലും പുറത്തുവന്നു. പാക് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ കൈക്കുഞ്ഞിനെ കൊഞ്ചിക്കുന്ന ഇന്ത്യന്‍ വനിതാ താരങ്ങളായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. കുഞ്ഞിനും അമ്മയ്ക്കുമൊപ്പം താരങ്ങള്‍ സെല്‍ഫി എടുക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടയിലും അത്തരമൊരു നിമിഷമുണ്ടായി. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ കുഞ്ഞു മകന് പാക് പേസര്‍ ഷഹീന്‍ഷാ അഫ്രീദി സ്‌നേഹ സമ്മാനം നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ പാക് ക്രിക്കറ്റ് ബോര്‍ഡ് എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
'ഗ്രൗണ്ടിലാണ് പോരാട്ടം, പുറത്ത് നമ്മളെല്ലാം സാധാരണ മനുഷ്യരാണ്...' എന്നായിരുന്നു ഷഹീന്‍ ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞ ഞായറാഴ്ച, മഴപെയ്ത് മത്സരം തടസ്സപ്പെട്ട സമയത്താണ് ബുംറയുടെ മകന് സര്‍പ്രൈസ് സമ്മാനവുമായി അഫ്രീദിയെത്തിയത്. ഏഷ്യാകപ്പ് മത്സരത്തിന് ശ്രീലങ്കയിലെത്തിയ ശേഷമാണ് ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേഷിനും കുഞ്ഞുപിറന്നത്. ഇതോടെ നാട്ടിലേക്ക് പോയിരുന്ന ബുംറ തിരിച്ചെത്തി ടീമിനൊപ്പം ചേരുകയായിരുന്നു.
കുഞ്ഞുപിറന്ന വിവരമറിഞ്ഞ അഫ്രീദി സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനെത്തിയപ്പോഴാണ് കൈയില്‍ സമ്മാനപ്പൊതി കരുതിയത്. കുടുംബത്തിനായി പ്രാര്‍ഥിക്കുന്നെന്നറിയിച്ച അഫ്രീദി ആശംസ നേര്‍ന്നു. അഫ്രീദിയോട് ബുംറ നന്ദിയറിയിച്ചു.
Content Highlights: shaheen shah afridis gift for jasprit bumrahs son