'ഷാരൂഖിനെ ഞങ്ങൾ ഇതെല്ലാംകൊണ്ടാണ് കൂടുതൽ സ്‌നേഹിക്കുന്നത്'-റാണിയെ ആശ്വസിപ്പിച്ച് കിങ് ഖാൻ

റാണി മുഖര്‍ജിയും ഷാരൂഖ് ഖാനും | Photo: PTI/ ANI
റാണി മുഖര്‍ജിയും ഷാരൂഖ് ഖാനും | Photo: PTI/ ANI

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ ഏവരുടേയും ശ്രദ്ധ കവർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മികച്ച നടനുള്ള പുരസ്‌കാരം വിക്രാന്ത് മാസിക്കൊപ്പം പങ്കിട്ട ഷാരൂഖും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട റാണി മുഖർജിയും ചടങ്ങിനെത്തിയിരുന്നു. ഇതിനിടയിൽ വേദിയിലേക്ക് പോകുംമുമ്പ് അൽപം സമ്മർദ്ദത്തിലായിരുന്ന റാണിയെ ആശ്വസിപ്പിക്കുന്ന ഷാരൂഖിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ചവിട്ടി വീഴാതിരിക്കാൻ റാണിയുടെ സാരിയുടെ മുന്താണി പിടിച്ചുകൊടുത്ത ഷാരൂഖ് അവരുടെ മുട ശരിയാക്കാൻ സഹായിച്ചു. വേദിയിലേക്ക് കയറും മുമ്പായിരുന്നു ഇതെല്ലാം സംഭവിച്ചത്. അവരുടെ ടെൻഷൻ അകറ്റാനായി കവിളിൽ സ്‌നേഹത്തോടെ ചുംബിക്കുകയും ചെയ്തു.

മറ്റൊരു വീഡിയോയിൽ മികച്ച നടനുള്ള തന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം, ഷാരൂഖ് ഖാൻ മെഡൽ ധരിക്കാൻ ശ്രമിക്കുന്നതും ബുദ്ധിമുട്ടുന്നതും കാണാമായിരുന്നു. മെഡലിന്റെ കുരുക്കഴിച്ച് അത് ധരിക്കാൻ ഷാരൂഖിനെ റാണി സഹായിക്കുകയും ചെയ്തു. മറ്റൊരു വീഡിയോയിൽ, ഷാരൂഖ് തന്റെ മാനേജരും ഉറ്റസുഹൃത്തുമായ പൂജ ദദ്‌ലാനിക്ക് തന്റെ മെഡൽ കാണിച്ചുകൊടുക്കുന്നതും കാണാം.

ഈ വീഡിയോകൾക്കെല്ലാം താഴെ ഷാരൂഖിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഓരോരുത്തരും പരസ്പരം സഹായിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും ഷാരൂഖ് തന്റെ ചുറ്റുമുള്ള സ്ത്രീകളെ പരിഗണിക്കുന്ന രീതി മനോഹരമാണെന്നും ആളുകൾ കമന്റ് ചെയ്തു. ഇതുകൊണ്ടാണ് ഷാരൂഖിനെ ബോളിവുഡിന്റെ കിങ് എന്ന് വിളിക്കുന്നതെന്നും യഥാർഥ ജെന്റിൽമാനാണെന്നും ആരാധകർ കുറിച്ചിട്ടുണ്ട്.