ഷാരൂഖ് എത്തിയത് മക്കളുടെ ആഗ്രഹപ്രകാരം; സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍

മെറ്റ് ഗാലയുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ കറുപ്പ് നിറത്തിലുള്ള കോട്ടും സില്‍ക്ക് ഷര്‍ട്ടും ട്രൗസേഴ്‌സും ധരിച്ച് ഷാരൂഖ് എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. സബ്യാസാചി ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ ഏറെ സ്റ്റൈലിഷായാണ് കിങ് ഖാന്‍ വന്നത്.
എന്നാല്‍ അമേരിക്കയിലെ മാധ്യമങ്ങള്‍ ഷാരൂഖിനെ തിരിച്ചറിഞ്ഞില്ല. മാധ്യമപ്രവര്‍ത്തകന്‍ ഷാരൂഖിനോട് സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞു. 'ഹായ്, ഞാന്‍ ഷാരൂഖ് ഖാന്‍' എന്ന് അദ്ദേഹം മറുപടി നല്‍കി. ഇതോടെ ഡിസൈനറെ കുറിച്ചും ഔട്ട്ഫിറ്റിനെ കുറിച്ചും സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാരൂഖിനോട് പറഞ്ഞു. സബ്യാസാചിയാണ് ഡിസൈന്‍ ചെയ്തതെന്ന് മറുപടി നല്‍കിയ ഷാരൂഖ് ഔട്ട്ഫിറ്റിന് പിന്നിലുള്ള പ്രചോദനത്തെ കുറിച്ചും സംസാരിച്ചു.
ഇതിനുപിന്നാലെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി ഗൂഗിളില്‍ തിരഞ്ഞാല്‍ ഷാരൂഖ് എത്രത്തോളം ജനപ്രിയനാണെന്ന് മനസ്സിലാകുമെന്ന് ഒരാള്‍ റെഡ്ഡിറ്റില്‍ കുറിച്ചു. വേണ്ടത്ര കവറേജ് ലഭിച്ചില്ലെന്ന് മറ്റൊരാളും. ഒരുതവണ ആലിയക്കും ഇതേ അനുഭവം നേരിടേണ്ടിവന്നിരുന്നെന്നും റെഡ്ഡിറ്റില്‍ ആളുകള്‍ പറഞ്ഞു.
മെറ്റ് ഗാല വേദിയില്‍ വോഗ് മാഗസിനുമായും ഷാരൂഖ് സംസാരിച്ചു. കൂടെ സബ്യാസാചിയുമുണ്ടായിരുന്നു. ഏറെ പരിഭ്രമത്തോടെയാണ് മെറ്റ് ഗാല വേദിയില്‍ നില്‍ക്കുന്നതെന്നും മക്കളുടെ ആഗ്രഹമായിരുന്നു താന്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. സബ്യാസാചി നിര്‍ബന്ധിച്ചതിനാലാണ് വന്നതെന്നും ഇത് ചിലപ്പോള്‍ തന്റെ അവസാനത്തെ മെറ്റ് ഗാല ആയിരിക്കുമെന്നും ഇനി ഇവിടെ വരാന്‍ സാധ്യതയില്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
Content Highlights: shah rukh khan at met gala 2025