മൃതദേഹങ്ങളെ പരിഹസിച്ച സംഭവം: കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ

കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ പറഞ്ഞതിനെത്തുടർന്ന് എംബിബിഎസ് വിദ്യാർത്ഥിനിയായ സെജൽ പവാർ വലിയ ജനരോഷം നേരിടുകയാണ്. മുംബൈയിലെ കെഇഎം ഹോസ്പിറ്റൽ എംബിബിഎസ് വിദ്യാർത്ഥിനിയായ സെജൽ പവാർ, കോമഡിയൻ പ്രണീത് മോറെയുടെ ഷോയിൽ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയങ്ങളുടെ വലുപ്പത്തെ താരതമ്യം ചെയ്തുകൊണ്ട് നടത്തിയ അപകീർത്തികരവും മോശവുമായ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ഇപ്പോൾ, സെജലിന്റെ പരാമർശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവാന്ദ്ര ഫഡ്നാവിസ് കത്തയച്ചിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.
‘മൃതദേഹങ്ങൾ കേവലം പഠനോപകരണങ്ങൾ മാത്രമല്ല, ഭാവി ഡോക്ടർമാരുടെ പരിശീലനത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കുമായി സ്വന്തം ശരീരം സ്വമേധയാ ദാനം ചെയ്ത ഉദാത്തരായ വ്യക്തിത്വങ്ങളെയാണ് അവ പ്രതിനിധീകരിക്കുന്നത്. മനുഷ്യശരീരങ്ങളോട് പരമാവധി അന്തസ്സും ബഹുമാനവും കൃതജ്ഞതയും കാണിക്കുക എന്നത് ഓരോ മെഡിക്കൽ വിദ്യാർത്ഥിയുടെയും ധാർമ്മിക ഉത്തരവാദിത്തമാണ്. മൃതദേഹങ്ങളെ പരസ്യമായി പരിഹസിക്കുന്നതോ അലോസരപ്പെടുത്തുന്നതോ ആയ ഇത്തരം പരാമർശങ്ങൾ മെഡിക്കൽ ധാർമ്മികതയുടെ മൂല്യങ്ങളെയും ദാതാക്കളോട് കാണിക്കേണ്ട ബഹുമാനത്തെയും തകർക്കുന്നതാണ്’- പോസ്റ്റിൽ പറയുന്നു.
വീഡിയോയ്ക്കെതിരെ ജനരോഷം ശക്തമായതോടെ, അവർ പഠിക്കുന്ന മുംബൈയിലെ കിങ്എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) ഹോസ്പിറ്റൽ അധികൃതർ സെജലിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
സെജലിനെ അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സാന്നിധ്യത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കുമെന്നും, അതിനുശേഷം അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും കെഇഎം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സ്ഥാപനം അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വിവാദങ്ങൾ കടുത്തതോടെ സെജൽ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
Calling for accountability and respect for the dignity of body donors and the ethics that define the medical profession. We have formally written to Hon’ble CM Shri Devendra Fadnavis Ji and @DMERMaharashtra seeking strict action regarding insensitive remarks made about cadavers… pic.twitter.com/E9QL4vIpHN
— ALL INDIA MEDICAL STUDENTS' ASSOCIATION (@official_aimsa) June 14, 2026
Content Highlights: Following intense public backlash over highly inappropriate jokes made about male cadavers during a stand-up comedy show, KEM Hospital MBBS student Sejal Pawar has been put on suspension pending inquiry, while the All India Medical Students’ Association has written to the Maharashtra government demanding strict action.