സെക്യൂരിറ്റി ജീവനക്കാരന്റ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍; അമ്പരന്ന് സ്റ്റാര്‍ട്ടപ്പ് ഉടമ

ഇക്കാലത്ത് സ്വന്തമായി യൂട്യൂബ് ചാനല്‍ ഇല്ലാത്തവര്‍ കുറവാണ്. എന്നാല്‍ ചാനലില്‍ സ്ഥിരമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും സബ്‌സ്‌ക്രൈബര്‍മാരെ നേടുകയും ചെയ്യുന്നവരും കുറവാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി മൂന്ന് ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബ് ചാനലുടമയെ കുറിച്ചുള്ള ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ ഹരീഷ് ഉദയകുമാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഉടമയാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്. തന്റെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സുരക്ഷാ ജീവനക്കാരന്റെ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.
'ഞങ്ങളുടെ സെക്യൂരിറ്റി ഗാര്‍ഡിന് യൂട്യൂബില്‍ 300,000 സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്ന് ഞാന്‍ ഇന്നാണ് അറിഞ്ഞത്. കോവിഡ് കാലത്ത് 14 വയസുള്ളപ്പോഴാണ് ഇവന്‍ ബംഗാളി സ്‌കിറ്റുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. സംരംഭകനായ ഒരാള്‍. ഞാനെപ്പോഴെങ്കിലും ബംഗാളി പരസ്യം ഉണ്ടാക്കുകയാണെങ്കില്‍ അത് ഇവനെ വെച്ച് ചെയ്യും. നിങ്ങളും ചെയ്യൂ. അവന്റെ നമ്പര്‍ ഞാന്‍ തരാം.' -ഹരീഷ് ഉദയകുമാര്‍ കുറിച്ചു.
കുറഞ്ഞ സമയത്തിനകം ഹരീഷിന്റെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളിട്ടത്. 'എങ്കില്‍ എന്തുകൊണ്ടാണ് ഇവന്‍ ഇപ്പോഴും സെക്യൂരിറ്റി ജീവനക്കാരനായിരിക്കുന്നത്? യൂട്യൂബിലെ കണ്ടന്റുകള്‍ സൗജന്യമാണ്. നിങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണമല്ല നിങ്ങളുടെ മൂല്യം തീരുമാനിക്കുന്നത്. നിലവാരമാണ്.' -ഒരാള്‍ കുറിച്ചു. ചാനലിന്റെ ലിങ്ക് പങ്കുവെക്കാനാണ് മറ്റൊരാള്‍ കമന്റിലൂടെ ആവശ്യപ്പെട്ടത്.
കരിംഗഞ്ജ് മൾട്ടിമീഡിയ എന്നാണ് സുരക്ഷാജീവനക്കാരന്റെ യൂട്യൂബ് ചാനലിന്റെ പേര്.
Content Highlights: Startup Founder Surprised To Learn Security Guard Has 3 Lakh YouTube Subscribers