'ഇന്‍സ്റ്റഗ്രാമിലുള്ളത് യാഥാര്‍ഥ്യമല്ലെന്ന് ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കും'-സാറാ തെണ്ടുല്‍ക്കര്‍

സാറാ തെണ്ടുല്‍ക്കര്‍ | Photo: instagram/ sara tendulkar
സാറാ തെണ്ടുല്‍ക്കര്‍ | Photo: instagram/ sara tendulkar

ഭക്ഷണക്രമത്തെ കുറിച്ചും സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളെ കുറിച്ചും മനസ് തുറന്ന് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കര്‍. സോഷ്യല്‍ മീഡിയയിലുള്ളത് മിക്കവയും ഫില്‍ട്ടറുകള്‍ കൊണ്ടുള്ള സൗന്ദര്യമാണെന്നും അതെല്ലാം കണ്ട് നിങ്ങളുടെ കുറവുകള്‍ എത്രത്തോളം കണ്ടെത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ അവ കണ്ടെത്തുമെന്നും സാറ പറയുന്നു. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാറ.

'ചിലരുടെ ഇന്‍സ്റ്റഗ്രാം ചിത്രം കാണുമ്പോള്‍ ഞാന്‍ ആലോചിക്കും, ഇവരുടെ ചര്‍മം നല്ലതാണല്ലോ എന്ന്. എന്നാല്‍ പിന്നീട് ഞാന്‍ ഇന്‍സ്റ്റഗ്രാമിലുള്ളതൊന്നും യാഥാര്‍ഥ്യമല്ലെന്ന് എന്നെത്തന്നെ ഓര്‍മിപ്പിക്കും. ഒരുപാട് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അവരുടെ രാത്രികാല സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള റീലുകള്‍ പങ്കുവെയ്ക്കാറുണ്ട്. രാത്രിയില്‍ ചെയ്യേണ്ട 15 ഘട്ടങ്ങളുള്ള ചര്‍മസംരക്ഷണമെല്ലാം ആയിരിക്കും അത്. എന്നാല്‍ അത് തുടര്‍ച്ചായി ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യമായത് എന്താണോ അതാണ് നിങ്ങള്‍ ചെയ്യേണ്ടത്.'-സാറ വ്യക്തമാക്കുന്നു.

 സ്ഥിരമായ ഭക്ഷണക്രമവും ശ്രദ്ധാപൂര്‍വമുള്ള ദിനചര്യയും ക്ഷമയും ചര്‍മത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് സാറ പറയുന്നു. തിളക്കമാര്‍ന്ന ചര്‍മത്തിനായി പരീക്ഷണങ്ങള്‍ നടത്തുന്നതിലും ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു.

'ശരീര സൗന്ദര്യത്തിനായി ഞാന്‍ പ്രത്യേക രീതി പിന്തുടരുന്നില്ല. രാവിലെ വെള്ളം, നട്‌സ്, ഒരു കപ്പ് ബ്ലാക്ക് കോഫി എന്നിവയാണ് കഴിക്കുക. കാപ്പി ഒഴിവാക്കാന്‍ പറ്റാത്തതാണ്. അതിരാവിലെ വ്യായാമം ചെയ്യാന്‍ എനിക്കിഷ്ടമാണ്. മറ്റുള്ള ദിവസങ്ങളില്‍ എന്റെ ഷെഡ്യൂളിനേയും മാനസികാവസ്ഥയേയും ആശ്രയിച്ചാണ് കാര്യങ്ങള്‍ ചെയ്യാറുള്ളത്.'-സാറ പറയുന്നു. 

'എന്റെ ചര്‍മം സെന്‍സിറ്റീവാണ്. രാത്രിയില്‍ എന്തെങ്കിലും ആസിഡോ റെറ്റിനോളോ മുഖത്ത് ഉപയോഗിച്ചാല്‍ പിറ്റേന്ന് ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകും. പ്രകൃതിദത്ത മാര്‍ഗങ്ങളാണ് പിന്തുടരുന്നത്. കുട്ടിക്കാലത്തെ വളരെ തടിച്ച ശരീരപ്രകൃതമായിരുന്നു. വളരുംതോറും കൂടുതല്‍ ഉള്‍വലിയുമെന്ന് തോന്നിയിരുന്നതിനാല്‍ ആത്മവിശ്വാസം കൈവിടരുതെന്ന് ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു.'-സാറാ തെണ്ടുല്‍ക്കര്‍ പറയുന്നു. സൗന്ദര്യ സംരക്ഷണത്തേയും ആരോഗ്യ ദിനചര്യകളേയും ഒരു ബാധ്യതയായി ഒരിക്കലും കാണരുതെന്നും അതിനെ ഒരു ശീലമാക്കി മാറ്റണമെന്നും സാറ കൂട്ടിച്ചേര്‍ത്തു. 

Content Highlights: sara tendulkar reveals diet and beauty secrets