'എന്റെ പാഷനെ മനസിലാക്കി കൂടെ നിന്നതിന് നന്ദി’-ഭാര്യക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി സഞ്ജു

#Lifestyle desk
സഞ്ജു സാംസൺ ചാരുലതയ്ക്കൊപ്പം പഠനകാലത്തും ടി20 ലോകകപ്പ് വിജയത്തിനു ശേഷവും (ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: Instagram/@imsanjusamson
സഞ്ജു സാംസൺ ചാരുലതയ്ക്കൊപ്പം പഠനകാലത്തും ടി20 ലോകകപ്പ് വിജയത്തിനു ശേഷവും (ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)| ഫോട്ടോ: Instagram/@imsanjusamson

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ, തൻ്റെ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച ഭാര്യ ചരുലതയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളി താരം സഞ്ജു സാംസൺ. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ നിന്നതിനും, ക്രിക്കറ്റിനോടുള്ള തൻ്റെ പാഷനെ മനസ്സിലാക്കി കൂടെനിന്നതിനും നന്ദി എന്ന് സഞ്ജു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കുറിച്ചു. പഠന കാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷം ഗ്രൗണ്ടിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്. 

‘പുറംലോകം എന്നെ എങ്ങനെ വിലയിരുത്തിയാലും, എൻ്റെ യഥാർത്ഥ സ്വഭാവത്തെ സ്നേഹിക്കുകയും എപ്പോഴും സത്യസന്ധമായി കൂടെ നിൽക്കുകയും ചെയ്തതിന് നന്ദി. എൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ തൻ്റേതെന്ന പോലെ കാണുകയും പാഷനോടെ കൂടെനിൽക്കുകയും ചെയ്തതിനും നന്ദി. ഈ ലോകകപ്പ് നേട്ടത്തിൽ എൻ്റെ കൂടെയുണ്ടായിരുന്നതിനും എല്ലാ പ്രതിസന്ധികളിലും പിന്തുണ നൽകിയതിനും നന്ദി’- സഞ്ജു കുറിച്ചു.

കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പോസ്റ്റ് പങ്കുവെച്ച് മിനിറ്റുകൾക്കകം തന്നെ ഒന്നര ലക്ഷം പേരാണ് ലൈക്ക് ചെയ്തതത്.  2026 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച സഞ്ജു, ടൂർണ്ണമെൻ്റിലെ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്' പുരസ്കാരവും സ്വന്തമാക്കിയിരുന്നു. 

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണയുമായി ചാരു കൂടെയുണ്ടാകാറുണ്ടെന്നും വിവാഹശേഷമാണ് താൻ ജീവിതം കൂടുതൽ ആസ്വദിച്ചുതുടങ്ങിയതെന്നും സഞ്ജു പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

2012 മുതൽ പ്രണയത്തിലായിരുന്ന ഇരുവരും ആറു വർഷത്തിന് ശേഷമാണ് വിവാഹിതരായത്. അന്ന് സഞ്ജുവിന് 24 വയസായിരുന്നു പ്രായം. ഇത്രയും നേരത്തെ എന്തിന് വിവാഹം കഴിച്ചു എന്നത് സഞ്ജു പലപ്പോഴും നേരിട്ട ചോദ്യമാണ്. അതിന് താരം ഉത്തരം നൽകിയത് ഇങ്ങനെയാണ്. 'കളിക്കാൻ പോകുമ്പോൾ, പ്രത്യേകിച്ച് ഐ.പി.എല്ലിലൊക്കെ സഹതാരങ്ങൾ അവരുടെ പങ്കാളികളുമായാണ് സഞ്ചരിച്ചിരുന്നത്. നമ്മുടെ കൾച്ചർ അനുസരിച്ച് അതൊന്നും സാധ്യമല്ലല്ലോ. പുറത്ത് ചാരുവിനെ ഒന്നു കാണണമെങ്കിൽ തന്നെ ഭയങ്കര കഷ്ടപ്പാടായിരുന്നു. ഫ്രണ്ട്സിന്റെ ഒക്കെ കൂടെയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. എല്ലാവരും ചോദിച്ച ഒരു ചോദ്യം എന്തിനാണ് ഇത്ര പെട്ടെന്ന് കല്ല്യാണം കഴിക്കുന്നത് എന്നായിരുന്നു. എന്റെ ലൈഫിൽ അങ്ങനെ മറ്റു റിലേഷനുകളൊന്നും തോന്നിയിട്ടില്ല. ഇതാദ്യത്തെ അനുഭവമാണ്. പുറത്ത് ട്രാവൽ ചെയ്യുമ്പോഴൊക്കെ ഞാൻ തനിച്ചാണ്. അപ്പോ എനിക്കൊരു കൂട്ട് വേണമെന്ന് തോന്നി. ചാരുവിനെപ്പോലൊരാൾ കൂടെയുണ്ടെങ്കിൽ കുറേ സന്തോഷം തോന്നും. അത് ആലോചിച്ചപ്പോൾ അച്ഛൻ തന്നെയാണ് പറഞ്ഞത് എന്നാൽ കല്യാണം കഴിച്ചേക്കൂ എന്ന്.'

Content Highlights: Sanju Samson’s Heartfelt Tribute to Wife After T20 World Cup Win