'അന്ന് നൈറ്റ് ക്ലബ്ലില്‍വെച്ച് ആ സ്ത്രീ എന്റെ മാറിടത്തില്‍ കടന്നുപിടിച്ചു,ഞാന്‍ ഞെട്ടിപ്പോയി';സഞ്ജീദ

സഞ്ജീദ ഷെയ്ഖ് | Photo: PTI/ instagram/ sanjeeda shaikh
സഞ്ജീദ ഷെയ്ഖ് | Photo: PTI/ instagram/ sanjeeda shaikh

സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീരാമണ്ടി; ദ ഡയമണ്ട് ബസാര്‍' പരമ്പരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സഞ്ജീദ ഷെയ്ഖ്. പരമ്പരയില്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ 'വഹീദ' എന്ന കഥാപാത്രത്തെയാണ് സഞ്ജീദ അവതരിപ്പിച്ചത്. ആ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചുമെല്ലാം സഞ്ജീദ മനസ് തുറന്നിരുന്നു.

ഇപ്പോഴിതാ 'ഹോട്ടര്‍ഫ്‌ളൈ' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജീദ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. നൈറ്റ് ക്ലബ്ബില്‍ വെച്ച് ഒരു സ്ത്രീ തന്നോട് മോശമായി പെരുമാറിയതിനെ കുറിച്ചാണ് സഞ്ജീദ തുറന്നു പറഞ്ഞത്. 

'ഒരു നൈറ്റ് ക്ലബ്ബില്‍ പോയതായിരുന്നു ഞാന്‍. അന്ന് എന്റെ അരികിലൂടെ പോയ ഒരു സ്ത്രീ എന്റെ മാറിടത്തില്‍ കടന്നുപിടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. പുരുഷന്‍മാര്‍ ഇങ്ങനെ മോശമായി പെരുമാറും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒരു സ്ത്രീയില്‍ നിന്ന് ഇങ്ങനെയൊരു സംഭവം നേരിടുന്നത് ആദ്യമാണ്. സ്ത്രീകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് മനസിലായി. തെറ്റ് ചെയ്യുന്നതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ വേര്‍തിരിവില്ല. തെറ്റ് ചെയ്താല്‍ അത് തെറ്റ് തന്നെയാണ്.

ആര് നിങ്ങളോട് മോശമായി പെരുമാറിയാലും പ്രതികരിക്കണം. ഒരു സ്ത്രീയാണ് നിങ്ങളോട് തെറ്റായി പെരുമാറിയതെങ്കില്‍ അവരോട് അത് തുറന്നു പറയണം. ഇതൊന്നും ചെയ്യാതെ വെറുതെ ഇരയാണെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല.' സഞ്ജീദ പറയുന്നു.

നടന്‍ ആമിര്‍ അലിയില്‍ നിന്ന് വിവാഹമോചനം നേടിയതിനെ കുറിച്ചും സഞ്ജീദ അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ചില പുരുഷന്‍മാരുണ്ട്, ചില പങ്കാളികളും. അവര്‍ നിങ്ങളെ തരംതാഴ്ത്താന്‍ ശ്രമിക്കും. നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയും. അത്തരക്കാരില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലത്. എല്ലാ ബന്ധങ്ങളിലും നിങ്ങള്‍ സന്തുഷ്ടരാകുന്ന ഘട്ടങ്ങളുണ്ട്. പിന്നീട് അതില്ലാതാകുന്ന ഘട്ടങ്ങള്‍ വരും. ആ സമയത്ത് നമ്മള്‍ പിന്തിരിയും. അതാണ് ഞാനും ചെയ്തത്. കാരണം ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കാന്‍ തുടങ്ങി, ഞാന്‍ എനിക്ക് മുന്‍ഗണന നല്‍കാന്‍ തുടങ്ങി. അതെല്ലാം വളരെ പ്രധാനമാണ്.'-സഞ്ജീദ പറയുന്നു. 


 

Content Highlights: sanjeeda shaikh on being touched inappropriately by a woman