‘വിറച്ചുകൊണ്ടിരിക്കുകയായിരുന്നു, ഫറ എത്തിയില്ലായിരുന്നെങ്കിൽ..’; പാനിക്ക് അറ്റാക്ക് നേരിട്ടതിനേക്കുറിച്ച് സാനിയ

സാനിയ മിർസ, ഫറാ ഖാനൊപ്പം സാനിയ
സാനിയ മിർസ, ഫറാ ഖാനൊപ്പം സാനിയ

പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹമോചനത്തിനു പിന്നാലെ താൻ നേരിട്ട പ്രതിസന്ധികളേക്കുറിച്ച് തുറന്നുപറഞ്ഞ് ടെന്നീസ് താരം സാനിയ മിർസ. സംവിധായിക ഫറാ ഖാനുമായുള്ള അഭിമുഖത്തിനിടെയാണ് സാനിയ പാനിക് അറ്റാക്ക് ഉൾപ്പെടെ നേരിട്ടതിനേക്കുറിച്ച് പങ്കുവെച്ചത്.

സെർവിങ് ഇറ്റ് അപ് വിത് സാനിയ എന്ന യൂട്യൂബ് ഷോയ്ക്കിടയിലാണ് സാനിയ ഇതേക്കുറിച്ച് വിശദമാക്കിയത്. അച്ഛൻ കമ്രാൻ ഖാന്റെ മരണത്തിനു പിന്നാലെ കുടുംബം നേരിട്ട പ്രതിസന്ധികളേക്കുറിച്ച് പങ്കുവെക്കുകയായിരുന്നു ഫറാ ഖാൻ. ഇതിനു പിന്നാലെയാണ് ഷുഐബ് മാലിക്കുമായുള്ള വിവാഹമോചനത്തിനുശേഷം സിംഗിൾ മദറെന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളേക്കുറിച്ച്‌ സാനിയ തുറന്നുപറഞ്ഞത്.

മാതൃത്വം, തൊഴിൽ, പഠനം എന്നിവയുമായി ഒരുമിച്ച് പോകുന്നത്‌ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് സാനിയ പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ പറയാൻ ഇഷ്ടമല്ലെങ്കിലും ഒരുകാര്യം പങ്കുവെക്കുന്നുവെന്ന് പറഞ്ഞാണ് പാനിക്ക് അറ്റാക്ക് ഉണ്ടായ കാര്യം സാനിയ പറയുന്നത്.

ഞാൻ ഏറെ തളർന്നിരിക്കുന്ന സമയത്താണ് ഫറാ ഖാൻ സെറ്റിലേക്കെത്തുന്നത്. അതിനുശേഷം ഒരു ലൈവ് ഷോയ്ക്ക് പോകാനുണ്ടായിരുന്നു. ഞാൻ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫറ ആ സമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ ആ ഷോ ചെയ്യാനാവുമായിരുന്നില്ല. എന്തുവന്നാലും നീ ഈ ഷോ ചെയ്തിരിക്കും എന്നാണ് ഫറ പറഞ്ഞത്- സാനിയ പറഞ്ഞു.

തുടർന്നാണ് സാനിയയെ ആ രൂപത്തിൽ കണ്ടപ്പോൾ താൻ പേടിച്ചുപോയെന്ന് ഫറ പറഞ്ഞത്. സാനിയയെ പാനിക്ക് അറ്റാക്ക് വന്ന രീതിയിൽ താൻ മുമ്പ് കണ്ടിട്ടേയില്ലെന്നും ഫറ പറഞ്ഞു.

2010 ഏപ്രിലിൽ ഹൈദരാബാദിൽവെച്ചായിരുന്നു സാനിയയും ഷുഐബ് മാലിക്കും വിവാഹിതരായത്. ഇരുവരും ദുബായിലായിരുന്നു താമസം. തുടർന്ന് 2022 മുതൽ സാനിയയും ഷുഐബും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ 2024 ജനുവരിയിൽ പാക്ക് നടി സന ജാവേദിനെ ഷുഐബ് വിവാഹം ചെയ്യുകയായിരുന്നു. ഇതോടെ ഷുഐബിൽ നിന്ന് വേർപിരിഞ്ഞുവെന്ന് സാനിയയും ഔദ്യോഗികമായി ആരാധകരെ അറിയിക്കുകയായിരുന്നു.

എന്താണ് പാനിക് അറ്റാക്ക്?

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്. അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ, കൈകാലുകൾ വിറയ്ക്കുക, നെഞ്ചുവേദനയോ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതയോ, തലചുറ്റൽ, കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ, സമനില തെറ്റിപ്പോകുന്ന തരത്തിലുള്ള വെപ്രാളം തുടങ്ങിയവ അനുഭവപ്പെടാം.

Content Highlights: Tennis star Sania Mirza reveals her struggles, including panic attacks, after her divorce from Shoaib Malik.