സാമന്തയുടെ പുതിയ ഫോട്ടോയില്‍ നാഗചൈതന്യയുടെ പേരിലുള്ള ടാറ്റൂ കാണുന്നില്ല; എവിടെപ്പോയെന്ന് ആരാധകര്‍

പ്രണയിക്കുന്ന വ്യക്തിയുടെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ സാധാരണ കാര്യമാണ്. സെലിബ്രിറ്റികളും ഇത്തരത്തില്‍ കാമുകന്റെയോ കാമുകിയുടെയോ പേരുകള്‍ ടാറ്റൂ ചെയ്യാറുണ്ട്. തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിന്റെ ശരീരത്തിലും ഇത്തരത്തിലൊരു ടാറ്റൂ ഉണ്ടായിരുന്നു. കാമുകനും പിന്നീട് ഭര്‍ത്താവുമായിരുന്ന നാഗചൈതന്യയുടെ പേരാണ് സാമന്ത ടാറ്റൂ ചെയ്തിരുന്നത്.
എന്നാല്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടില്‍നിന്നുള്ള ചിത്രങ്ങളില്‍ ആ ടാറ്റൂ കാണുന്നില്ല. നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ സാമന്ത ആ ടാറ്റൂ നീക്കം ചെയ്തുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
വാരിയെല്ലിന്റെ ഭാഗത്തായി 'ചായ്' എന്നായിരുന്നു സാമന്ത ടാറ്റൂ ചെയ്തിരുന്നത്. പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ജീവിത പങ്കാളിയെ സൃഷ്ടിച്ചത് എന്ന സങ്കല്‍പത്തെ സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ടാറ്റൂ. ഇതിന്റെ ചിത്രങ്ങള്‍ വിവാഹമോചനത്തിന് മുമ്പ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം, ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഏക ടാറ്റൂ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. എന്റെ ഭര്‍ത്താവായ നാഗചൈതന്യയാണ് എന്റെ ലോകം' എന്നാണ് അന്ന് ചിത്രത്തിനൊപ്പം സാമന്ത കുറിച്ചിരുന്നത്.
എന്നാല്‍ പിങ്ക് സാരിയുടുത്ത താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടില്‍ ആ ടാറ്റൂ കാണുന്നില്ല. ഇരുവരും ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ആരാധകരുടെ ഈ പുതിയ കണ്ടെത്തല്‍.
പ്രണയത്തിന്റെ ഓര്‍മയ്ക്കായി രണ്ട് ടാറ്റൂകള്‍ കൂടി സാമന്ത ശരീരത്തില്‍ ചെയ്തിരുന്നു. കഴുത്തിന് താഴെ പിന്‍ഭാഗത്ത്, തന്റെ ആദ്യ ചിത്രമായ യേ മായാ ചെസാവെയുടെ ചുരുക്കപ്പേരായ 'വൈഎംസി' എന്നാണ് സാമന്ത പച്ച കുത്തിയത്. ഈ ചിത്രത്തിലെ നായകനായിരുന്നു നാഗചൈതന്യ. ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കമിട്ടതും ഈ സിനിമയായിരുന്നു.
സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിള്‍ ടാറ്റൂവാണ് മൂന്നാമത്തേത്. ഇരുവരുടേയും വലതു കൈത്തണ്ടയില്‍ രണ്ട് ആരോ മാര്‍ക്കുകള്‍ വീതമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. ഇതേ കൈയില്‍ വിവാഹ തീയതിയും നാഗചൈതന്യ ടാറ്റൂ ചെയ്തിട്ടുണ്ട്.
Content Highlights: samantha ruth prabhus tattoo missing in new pics fans wonder if she finally got it removed