‘നാഗചൈതന്യയുമായി പിരിഞ്ഞശേഷം പൂർണമായി ഉൾവലിഞ്ഞു, രാജ് എന്നെ മാറ്റി’

#Lifestyle Desk
സാമന്ത രുത്ത് പ്രഭു, സാമന്തയും രാജ് നിദിമൊരുവും
സാമന്ത രുത്ത് പ്രഭു, സാമന്തയും രാജ് നിദിമൊരുവും

തെലുങ്ക് നടൻ നാഗചൈതന്യയുമായി വിവാഹബന്ധം വേർപിരിഞ്ഞ നടി സാമന്ത റൂത്ത് പ്രഭു കഴിഞ്ഞ ഡിസംബറിലാണ് സംവിധായകൻ രാജ് നിധിമൊരുവിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ രാജുമായുള്ള സൗഹൃദവും പ്രണയവുമെല്ലാം തന്നെ എങ്ങനെയാണ് വ്യക്തിയെന്ന നിലയിൽ മെച്ചപ്പെടുത്തിയതെന്ന് തുറന്നുപറയുകയാണ് സാമന്ത. വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യങ്ങൾ പറഞ്ഞത്. 

'ആ വേർപിരിയലിലൂടെ കടന്ന് പോയപ്പോൾ ഞാൻ പൂർണമായി ഉൾവലിഞ്ഞിരിക്കുകയായിരുന്നു. ഇനി വൈകാരികമായി മറ്റൊരാളെ ആശ്രയിച്ച് കഴിയേണ്ടി വരില്ല എന്നാണ് കരുതിയത്. എന്നാൽ ആ തരത്തിലുള്ള സ്‌നേഹവും സൗഹൃദവും സ്വീകരിക്കാതിരിക്കാൻ മാത്രം കരുത്തയായിരുന്നില്ല ഞാൻ. ഈ ബന്ധം കാരണം ഞാൻ മെച്ചപ്പെട്ട വ്യക്തിയായി. അതിന് കാരണം രാജ് മാത്രമാണ്.' -സാമന്ത പറഞ്ഞു.

തനിക്കുണ്ടായ മാറ്റം വളരെ ദൃശ്യമായിരുന്നുവെന്നും സാമന്ത പറയുന്നു. ഇക്കാര്യം സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് പഴയൊരു സുഹൃത്തിനെ കണ്ടിരുന്നു. അവൾ തനിക്കൊരു വോയ്‌സ് മെസേജ് അയച്ചു. 'നിന്റെ ജീവിതം സമാധാനപൂർണമാണെന്ന് കുറേ കാലത്തിന് ശേഷം എനിക്ക് തോന്നി' എന്നാണ് അവൾ പറഞ്ഞത് -സാമന്ത റൂത്ത് പ്രഭു പറഞ്ഞു.

2010-ൽ തന്റെ ആദ്യ സിനിമയായ മായ ചേസവേയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി കണ്ടുമുട്ടിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. 2017-ലാണ് ഇരുവരും വിവാഹിതരായത്. നാല് വർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം 2021-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2024-ൽ നാഗചൈതന്യ നടി ശോഭിതാ ധുലിപാലയെ പ്രണയിച്ച് വിവാഹം ചെയ്തു.

Content Highlights: Samantha told Vogue India that her divorce left her emotionally closed off. She initially planned to never depend on anyone again, but her marriage to director Raj Nidimoru changed her for the better, making her feel truly free once more.