മൂന്നു തവണ ലിംഗമാറ്റ ശസ്ത്രക്രിയ; സിനിമാക്കഥയെ വെല്ലുന്ന സമാന്തയുടെ ജീവിതം

ഒരു ജന്മത്തില് പല തവണ സ്ത്രീയായും പുരുഷനായും ഒരാള്‍ക്ക് മാറിമാറി ജീവിക്കാന്‍ ഒരാള്‍ക്ക് കഴിയുമോ? സിനിമയിലും കഥയിലും മാത്രം സംഭവിക്കുന്ന കാര്യമാണ് ഇതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.
ലണ്ടനില്‍ നിന്നുള്ള സമാന്ത കെയ്ന്‍ എന്ന വ്യക്തി മൂന്നു തവണയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പുരുഷനായും സ്ത്രീയായും സമാന്ത മാറിമാറി ജീവിച്ചു.
സാം ഹാഷിമി എന്നായിരുന്നു സമാന്തയുടെ ആദ്യ പേര്. ഇറാഖില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥിയായാണ് സമാന്ത ബ്രിട്ടനില്‍ എത്തിയത്. അന്ന് പേര് സാം ഹാഷിമി എന്നായിരുന്നു. പഠനത്തിന് ശേഷം നിക്ഷേപ മേഖലയില്‍ ജോലി ചെയ്ത സാം അധികം വൈകാതെ ധനികനായി മാറി. തുര്ദി എന്ന് പേരുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും രണ്ടു കുഞ്ഞുങ്ങളുടെ പിതാവായി മാറുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ വിവാഹമോചിതനായി.
പിന്നീട് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. 1997-ലായിരുന്നു ഇത്. സമാന്ത കെയ്ന്‍ എന്ന പേരും സ്വീകരിച്ചു. അതിനായി ഇന്നത്തെ 93 ലക്ഷം രൂപയാണ് മുടക്കിയത്. ധനികനായ ഒരു ഭൂവുടമയുമായി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ സ്ത്രീയായി മാറിയ ശേഷം താന്‍ ആഗ്രഹിച്ച സന്തോഷവും സംതൃപ്തിയും ലഭിക്കുന്നില്ലെന്ന് സമാന്ത തിരിച്ചറിഞ്ഞു. പുരുഷനായിരുന്ന സമയത്ത് ലഭിച്ചിരുന്ന ആദരവും ബഹുമാനവും നഷ്ടപ്പെട്ടതിനോടൊപ്പം അവര്‍ക്ക് ലൈംഗിക ജീവിതത്തില്‍ സംതൃപ്തിയും കണ്ടെത്താനായില്ല. ഇതോടെ 2004-ല്‍ വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. അങ്ങനെ 23 ലക്ഷം രൂപ മുടക്കി വീണ്ടും പുരുഷനായി മാറി. സ്തനങ്ങളും ജനനേന്ദ്രിയവും നീക്കം ചെയ്ത് പുരുഷാവയവങ്ങള്‍ വച്ചുപിടിപ്പിച്ചെങ്കിലും പൂര്‍ണമായും ഒരു പുരുഷനായി മാറാന്‍ സമാന്തയ്ക്ക് കഴിഞ്ഞില്ല.
മുന്‍ഭാര്യയും മക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു സമാന്ത. ചാള്‍സ് കെയ്ന്‍ എന്ന് പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ തന്റെ തീരുമാനം തെറ്റായിരുന്നെന്ന് അവര്‍ പിന്നീട് മനസിലാക്കി. യഥാര്‍ഥ പുരുഷനായി മാറാതെ പുരുഷ ശരീരവുമായി ജീവിക്കേണ്ടിവരുന്ന അവസ്ഥയില്‍ മനംമടുത്ത് വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. വിദേശത്ത് പോയാണ് ഇത്തവണ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ സ്ത്രീ ശരീരത്തില്‍ താന്‍ ഏറെ സംതൃപ്തയാണെന്ന് സമാന്ത പറയുന്നു.
Content Highlights: samantha kane has changed gender three times