'ഇതിലും ഭേദം ഹോട്ടൽ ഭക്ഷണം'; സ്വന്തം പാചകക്കാരന്റെ ശമ്പളം കേട്ട് കണ്ണുതള്ളി സൽമാന്റെ സഹോദരീ ഭർത്താവ്

ബോളിവുഡിലെ ഖാന്‍മാരില്‍ പ്രധാനിയാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ കുടുംബവിശേഷങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സംവിധായിക ഫറ ഖാന്റെ വ്‌ളോഗിലൂടെയാണ് സല്‍മാന്‍ ഖാന്റെ വീട്ടുകാര്യം വീണ്ടും ചര്‍ച്ചയായത്. അദ്ദേഹത്തിന്റെ സഹോദരി അര്‍പിത ഖാന്റേയും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയുടേയും വീട്ടിലേക്കാണ് ഫറ ഖാന്‍ തന്റെ ക്യാമറയുമായി പോയത്.
മുംബൈയിലെ ദുബായ് എന്നാണ് ഇവരുടെ ആഡംബര വീടിനെ ഫറ ഖാന്‍ വിശേഷിപ്പിച്ചത്. അതിനിടെയാണ് ആയുഷ് രസകരമായൊരു കാര്യം ഫറയുമായി പങ്കുവെച്ചത്. തന്റെ പാചകക്കാരന്റെ ശമ്പളം കേട്ട് തനിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതിന് ഇതിനേക്കാള്‍ ചെലവ് കുറവെന്നും അദ്ദഹേം പറഞ്ഞു. കൂടാതെ 'അന്യായ' ശമ്പളം വാങ്ങുന്ന കുക്കിനെ പറഞ്ഞുവിട്ടതായും ആയുഷ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അര്‍പ്പിതയുടെ അമ്മയുടെ വീട്ടില്‍ നിന്നാണ് അര്‍പ്പിതയ്ക്കും ആയുഷിനുമുള്ള ഭക്ഷണം കൊണ്ടുവരുന്നത്.
ഇതെല്ലാം കേട്ട് വാപൊളിച്ച് നില്‍ക്കുന്ന ഫറ ഖാനേയും വ്‌ളോഗില്‍ കാണാമായിരുന്നു. സല്‍മാന്‍ ഖാനും ഭക്ഷണമുണ്ടാക്കി ടിഫിന്‍ ബോക്‌സിലാക്കി തങ്ങള്‍ക്ക് കൊണ്ടുവന്നു തരാറുണ്ടെന്ന് അര്‍പ്പിതയും പറഞ്ഞു. അമ്മയായ സല്‍മ തങ്ങള്‍ക്ക് മാത്രമല്ല, സഹോദരന്മാരായ അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനും ഭക്ഷണമുണ്ടാക്കി കൊടുത്തയക്കാറുണ്ടെന്നും അര്‍പ്പിത പറഞ്ഞു.
തുടര്‍ന്ന് ആയുഷ് പറഞ്ഞ കാര്യം കേട്ട് ഫറ ഖാന്‍ പിന്നേയും ഞെട്ടി. അടുത്തിടെ ഫിന്‍ലാന്‍ഡിലേക്ക് തങ്ങള്‍ പോയപ്പോള്‍ സ്വന്തമായൊരു കുക്കിനെ കൂടി കൊണ്ടുപോയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ ഭക്ഷണമില്ലാതെ അധികകാലം തുടരാന്‍ കഴിയാത്തതുകൊണ്ടാണത്രെ സ്വന്തമായി പാചകക്കാരനെ കൊണ്ടുപോയത്.
Content Highlights: Salman Khan's Brother-In-Law Aayush Had A 'Heart Attack' After Learning His Cook's Salary