മദ്യപിച്ച് ഭർത്താവിനെ പൊതിരെ തല്ലണം, താൻ കടുത്ത പുരുഷവിദ്വേഷി; വൈറലായി സാക്ഷി ഝായുടെ പരാമർശം

പുരുഷന്മാരുടെ ഈഗോ തകർക്കുന്നത് ഇഷ്ടമാണെന്നും താൻ പുരുഷവിദ്വേഷിയാണെന്നും പ്രഖ്യാപിച്ച് ബിഹാറിൽ നിന്നുള്ള അധ്യാപികയും കണ്ടെന്റ് ക്രിയേറ്ററുമായ സാക്ഷി ഝാ. ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഓഡിഷനിലെത്തിയ സാക്ഷിയുടെ പ്രതികരണം. സ്വന്തം വീട്ടിലെ പുരുഷന്മാരോടുപോലും തനിക്ക് വിദ്വേഷമുണ്ടെന്നും സാക്ഷി തുറന്നടിച്ചു. ഓഡിഷൻ അവസാനിച്ചപ്പോഴേക്കും ഈ സീസണിൽ ഏറ്റവും വൈറലായവ്യക്തിയായി സാക്ഷി മാറി. സാക്ഷി ഝായുടെ ഓഡിഷനിലെ പരാമർശങ്ങൾ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
സാക്ഷി ഓഡിഷൻ ഫോമിൽ ജീവിതലക്ഷ്യമായി 'മദ്യപിച്ച ശേഷം ഭർത്താവിനെ പൊതിരെ തല്ലണം' എന്ന് എഴുതിവെച്ചതും ഏറെ വിവാദങ്ങളുണ്ടാക്കി. തന്റെ ഈ ചിന്തകൾക്ക് കാരണം 'ജനറേഷണൽ ട്രോമ'യാണെന്ന് അവർ പറഞ്ഞു. പാനലിലുണ്ടായിരുന്ന വിധികർത്താക്കളായ തന്മയ് ഭട്ട്, വിശാൽ ദദ്‌ലാനി, രഘു റാം, യഷ്‌രാജ് മെഹ്റ എന്നിവർ ഈ നിലപാടുകളെ ചോദ്യം ചെയ്തു. അച്ഛനോടുള്ള മനോഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അച്ഛനെയും മുത്തശ്ശനെയും സഹോദരനെയും തനിക്ക് വെറുപ്പാണെന്നാണ് സാക്ഷി പറഞ്ഞത്.
ഇതോടെ വിധികർത്താക്കൾ ഒന്നടങ്കം വിയോജിപ്പ് പ്രകടിപ്പിക്കുകയും സാക്ഷിക്ക് മാർക്ക് നൽകേണ്ട ഘട്ടത്തിൽ ചരിത്രത്തിലാദ്യമായി എല്ലാ വിധികർത്താക്കളും 'പൂജ്യം' മാർക്ക് നൽകുകയും ചെയ്തു. ഈ നാടകീയ രംഗങ്ങൾ അവിടെയും തീർന്നില്ല. കാണികളോട് ഈ പ്രകടനത്തിന് എത്ര മാർക്ക് നൽകുമെന്ന് സമയ് റെയ്ന ചോദിച്ചപ്പോൾ, കാണികൾ ഒന്നാകെ 'പൂജ്യം' എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ ഷോയുടെ ചരിത്രത്തിൽ ആദ്യമായി സമ്പൂർണ്ണ പൂജ്യം മാർക്ക് വാങ്ങി വേദിയിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന മത്സരാർത്ഥിയായി സാക്ഷി .
ഈ എപ്പിസോഡിന് ശേഷം,ബിഹാർ സർക്കാർസാക്ഷിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ഏതെങ്കിലും ഔദ്യോഗിക സർക്കാർ സ്ഥാപനമോ, വിദ്യാഭ്യാസ വകുപ്പോ, അല്ലെങ്കിൽ അവൾ ജോലി ചെയ്യുന്ന സ്‌കൂളോ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവോ പ്രസ്താവനയോ പുറപ്പെടുവിച്ചിട്ടില്ല.
എങ്കിലും, ഒരു അധ്യാപികയെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ നടത്തിയത് ശരിയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ സാക്ഷിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇതാണോ ടോക്സിക് ഫെമിനിസം എന്ന ചോദ്യവുമായി നിരവധി പേരാണ് അധ്യാപികയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു അധ്യാപിക സമൂഹത്തിന് നൽകുന്ന സന്ദേശം ഇതാണോ എന്നും പലരും ചോദിക്കുന്നു.
Content Highlights: Teacher Sakshi Jha sparks outrage on India's Got Latent with anti-male comments., Controversial audition remarks included disparaging remarks about family and domestic violence., Judges and audience awarded her a historic zero score for her performance., Rumors of suspension from her teaching job remain unverified by official sources., The incident has ignited a national debate on toxic feminism and professional conduct.