കുത്തേറ്റശേഷവും വീല്‍ ചെയര്‍ ഒഴിവാക്കി, ആശുപത്രി വിടുമ്പോള്‍ ആംബുലന്‍സും; എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി സെയ്ഫ്

ഈ വര്‍ഷം ആദ്യമാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ഒരു ആക്രമണത്തിന് വിധേയനായത്. ബാന്ദ്രയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാവാണ് സെയ്ഫിനെ കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചത്. പ്രതിയായ ഷരീഫുള്‍ ഇസ്ലാമിനെ ദിവസങ്ങള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പങ്കുവെക്കുകയാണ് താരം.
ആക്രമണത്തിന് വിധേയനായശേഷം ഓട്ടോറിക്ഷയിലാണ് സെയ്ഫ് ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ എത്തിയശേഷം താന്‍ വീല്‍ചെയര്‍ വേണ്ട, പകരം സ്‌ട്രെച്ചര്‍ മതിയെന്ന് പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കജോളും ട്വിങ്കിള്‍ ഖന്നയും അവതരിപ്പിക്കുന്ന ഷോയില്‍ അക്ഷയ് കുമാറിനൊപ്പം പങ്കെടുക്കവെയാണ് സെയ്ഫ് അലി ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'ഞങ്ങള്‍ ആശുപത്രിയിലേക്ക് നടന്നാണ് കയറിയത്. അത്യാഹിതവിഭാഗത്തിലുള്ളവര്‍ ഉറങ്ങുകയായിരുന്നു. അവിടെയുള്ള ഒരാളോട് ഞാന്‍ ചോദിച്ചു, ഒരു സ്‌ട്രെച്ചര്‍ കിട്ടുമോ എന്ന്. വീല്‍ ചെയര്‍ മതിയോ എന്ന് അയാള്‍ ചോദിച്ചു. അതിന് മറുപടിയായി ഞാന്‍ പറഞ്ഞു, വേണ്ടാ, സ്‌ട്രെച്ചര്‍ തന്നെ വേണമെന്ന്. അയാള്‍ എഴുന്നേല്‍ക്കാതിരുന്നത് കണ്ട് ഞാന്‍ വീണ്ടും വിളിച്ചു. തുടര്‍ന്ന് ഞാന്‍ സെയ്ഫ് അലി ഖാനാണെന്നും ഇതൊരു അടിയന്തര സാഹചര്യമാണെന്നും പറഞ്ഞു. പിന്നെ ആകെ കോലാഹലമായിരുന്നു.' -സെയ്ഫ് അലി ഖാന്‍ ഓര്‍ത്തെടുത്തു.
ആശുപത്രി വിട്ട് വീട്ടിലേക്ക് പോകുമ്പോഴും സെയ്ഫ് അലി ഖാന്‍ പുറത്തേക്ക് നടന്നാണ് വന്നത്. ഇത് കണ്ട് താന്‍ അതിശയിച്ചുവെന്ന് കജോള്‍ പറഞ്ഞു. 'ആശുപത്രി വിടുമ്പോള്‍ എങ്ങനെ പോകണമെന്ന ഒരു ലോഡ് ഉപദേശങ്ങള്‍ പലരില്‍ നിന്നായി എനിക്ക് കിട്ടി. മാധ്യമങ്ങള്‍ ആകാംക്ഷാഭരിതരായി നില്‍ക്കുകയായിരുന്നു. എന്നാല്‍ എന്നെ ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ക്ക് ആകാംക്ഷയുണ്ടെങ്കില്‍ അത് നമ്മള്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് നടക്കാന്‍ കഴിയും, അതുകൊണ്ട് ഞാന്‍ ആശുപത്രിക്ക് പുറത്തേക്ക് നടന്ന് പോകാം എന്നും ഞാന്‍ പറഞ്ഞു.' -സെയ്ഫ് തുടര്‍ന്നു.
'കഴുത്തിനേറ്റത് വലിയ പരിക്കായിരുന്നു. എന്നാല്‍ അത് കുഴപ്പമില്ലായിരുന്നു. അവര്‍ ആ മുറിവിന് തുന്നലിട്ടു. ഒരാഴ്ചയാണ് ഞാന്‍ അവിടെ തുടര്‍ന്നത്. എനിക്ക് നടക്കാന്‍ കഴിയുമായിരുന്നുവെങ്കിലും അത് വേദനാജനകമായിരുന്നു. അതിനാല്‍ തിരികെ പോകുമ്പോഴും വീല്‍ചെയര്‍ വേണ്ടായിരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു വീട്ടിലേക്ക് ആംബുലന്‍സില്‍ പോകാമെന്ന്. വേറെയൊരാള്‍ വീല്‍ചെയറില്‍ പുറത്തേക്ക് പോകാമെന്നും പറഞ്ഞു. എന്നാല്‍ പരിഭ്രാന്തി പരത്തുന്നത് എന്തിനെന്നാണ് ഞാന്‍ ചിന്തിച്ചത്. നടന്ന് പുറത്തേക്ക് പോകുക, അതുവഴി ഞാന്‍ ഓകെയാണെന്ന സന്ദേശം നല്‍കുക. അതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതിലൂടെ വ്യാജമാണെന്ന ആരോപണവും ഉണ്ടായി.' -സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
സെയ്ഫ് അലി ഖാന് എന്താണ് സംഭവിച്ചത്?
ജനുവരി 16-നാണ് സെയ്ഫ് അലി ഖാന്‍ ആക്രമണത്തിന് വിധേയനായത്. ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നുഴഞ്ഞുകയറിയ പ്രതി കത്തികൊണ്ട് കുത്തിയും വെട്ടിയുമാണ് അദ്ദേഹത്തെ പരിക്കേല്‍പ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനായ നടനെ ഒരാഴ്ചയ്ക്കുശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
പ്രതിയായ ഷരീഫുള്‍ ഇസ്ലാമിനെ ജനുവരി 19-ന് താനെയില്‍ നിന്ന് പോലീസ് പിടികൂടി. സെയ്ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗവും അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ച കത്തിയുടെ ഭാഗവും പ്രതിയില്‍ നിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
'ഇളയമകന്‍ ജേയുടെ കട്ടിലിനരികെ കത്തിയും പിടിച്ച് നില്‍ക്കുന്ന അക്രമിയെയാണ് ഞാന്‍ ആദ്യം കണ്ടത്. ഇത് കണ്ടയുടന്‍ പ്രതികരിച്ച് അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഞാന്‍ ജേയുടെ മുറിയിലേക്ക് ഇടിച്ചുകയറി. ഇരുട്ടില്‍, ഒരാള്‍ കത്തിയും പിടിച്ച് അവന്റെ കട്ടിലിനരികെ നില്‍ക്കുന്നതാണ് അപ്പോള്‍ കണ്ടത്. തുടര്‍ന്ന് ഞാനയാളുടെ മുകളിലേക്ക് ചാടിവീണു. ഇരുവരും തമ്മില്‍ പോരാട്ടം തുടങ്ങി. അതിനുശേഷം, അയാള്‍ക്ക് ഭ്രാന്ത് പിടിച്ചതുപോലെയായി. അയാളുടെ കയ്യില്‍ രണ്ട് കത്തികളുണ്ടായിരുന്നു, അയാള്‍ അതുകൊണ്ട് എന്റെ ദേഹമാസകലം വെട്ടി.' -അന്നത്തെ സംഭവം സെയ്ഫ് അലി ഖാന്‍ മുമ്പ് ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.
Content Highlights: Saif Ali Khan reveals why he refused wheelchair, ambulance after knife attack at home