ഇന്ത്യയില്‍ നിന്നും സ്വീകരിച്ച ജീവിതത്തിലെ പതിനൊന്ന് ശീലങ്ങൾ; റഷ്യന്‍ യുവതിയുടെ വീഡിയോ വൈറല്‍

തനതായ സംസ്‌കാരവും ആചാരങ്ങളും കാരണം സഞ്ചാരികളെ എപ്പോഴും അത്ഭുതപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റഷ്യന്‍ കണ്ടന്റ് ക്രിയേറ്ററായ അനസ്റ്റേഷ്യ ഷറോവ ഇന്ത്യയില്‍ എത്തിയപ്പോള്‍ തന്റെ ജീവിതത്തില്‍ ഇത്രയധികം മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇന്ത്യയില്‍ താമസമാക്കിയതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ പതിനൊന്ന് മാറ്റങ്ങളെ കുറിച്ച് ഷറോവ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
'ഇന്ത്യയിലേക്ക് മാറിയതിന് ശേഷം ഞാന്‍ സ്വീകരിച്ച വിചിത്രമായ ചില ശീലങ്ങള്‍' എന്ന തലക്കെട്ടിൽ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ഇരുപത് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ ഷറോവ പറയുന്ന പതിനൊന്ന് ശീലങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നതാണ്. റോഡിലെ ചെറിയ വളവുകളില്‍ ഹോണ്‍ അടിക്കുക, കടയില്‍ കയറുന്നതിന് മുന്‍പ് ചെരുപ്പുകള്‍ അഴിക്കുക, കുടുംബത്തിനൊപ്പമിരുന്ന് തലയില്‍ എണ്ണ മസാജ് ചെയ്യുക, ഭക്ഷണമേശയിലെ സ്ഥിരം സാന്നിധ്യമാകുന്ന അച്ചാര്‍ ഭരണികള്‍ എന്നിവ തന്റെ ജീവിതത്തിന്റെ ഭാഗമായി എന്ന് ഷറോവ പറയുന്നു.
ഇതുകൂടാതെ സംഭാഷണങ്ങള്‍ക്കിടയില്‍ തലകുലുക്കി 'ശരിയാണ്' എന്ന് പറയുന്നതും കൈകൊടുക്കുന്നതിന് പകരം കൈകള്‍ കൂപ്പി 'നമസ്തേ' പറയുന്നതും ഭക്ഷണത്തിന് ശേഷം കുറച്ച് ജീരകം അല്ലെങ്കില്‍ ഏലം കഴിക്കുന്നതും ഷറോവയുടെ പുതിയ ശീലങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തില്‍ പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ട് എന്ന് ഷറോവ പറയുന്നുണ്ട്. അതിലൊന്നാണ് കുളിമുറികളും ഷൂസും പരിശോധിക്കുന്നത്. അതിനുള്ളില്‍ തവളകളേയും ചിലപ്പോള്‍ പാമ്പിനെ വരെ കാണാന്‍ സാധിച്ച അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ഷറോവ പങ്കുവെക്കുന്നു.
ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സാധാരണമാണെങ്കിലും പുറത്തുള്ള ആളുകളില്‍ ഇവ ആശ്ചര്യമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇതിനെ 'വിചിത്രം' എന്ന് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഇത്തരം കാര്യങ്ങളാണ് യുക്തിയുള്ളതായി തോന്നുന്നത് എന്ന് ഷറോവ പറയുന്നു. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഫോളോവേഴ്‌സുള്ള ഷറോവ ഇന്ത്യയിലെ തന്റെ അനുഭവങ്ങള്‍ സ്ഥിരമായി സാമൂഹികമാധ്യമങ്ങളില്‍
പങ്കുവെക്കാറുണ്ട്.
Content Highlights: A Russian woman living in India shares 11 quirky Indian habits she`s adopted, video went viral