‘ഇന്ത്യയേക്കുറിച്ചുള്ള ഈ സ്റ്റീരിയോടൈപ്പുകൾ ശരിയല്ല’, 11 തെറ്റിദ്ധാരണകൾ എടുത്തുപറഞ്ഞ് റഷ്യൻ യുവതി

മറുരാജ്യങ്ങളിലേക്ക് കൂടേറുന്നവർ പങ്കുവെക്കുന്ന അവിടങ്ങളിലെ അനുഭവങ്ങൾ രാജ്യത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലുണ്ടാക്കുന്ന സ്വാധീനം വലുതാണ്. ഇത്തരത്തിൽ ഇന്ത്യൻ ജീവിത ശൈലിയേക്കുറിച്ചും ചെലവുകളേക്കുറിച്ചും ചില സ്റ്റീരിയോട്ടിപ്പിക്കലായ ചിന്തകൾ പല വിദേശികൾക്കുമുണ്ട്. ഇവ തിരുത്തുകയാണ് നാല് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന റഷ്യൻ സംരംഭകയും, എഴുത്തുകാരിയും കണ്ടൻ്റ് റൈറ്ററുമായ അനസ്തേഷ്യ ഷരോവ.
വിദേശികൾ ഇന്ത്യയേക്കുറിച്ച് വെച്ചുപുലർത്തുന്ന കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകൾക്ക് എതിരെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ പോസ്റ്റ് പങ്കുവെച്ചത്. ഭാഷാ വൈവിധ്യം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരെ ഷരോവ ചൂണ്ടിക്കാട്ടിയ സ്റ്റീരിയോടൈപ്പുകളിൽ ഉൾപ്പെടുന്നു. ഒരു ഓൺലൈൻ കുക്കിങ് സ്കൂളിൻ്റെ സഹ സ്ഥാപകയും കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ രചയിതാവുമൊക്കെയാണ് ഷരോവ.
ഷരോവ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ
രാജ്യത്തിന് ഒരൊറ്റ 'ഇന്ത്യൻ' ഭാഷ മാത്രമേ ഉള്ളൂവെന്ന് മിക്ക വിദേശികളും വിശ്വസിക്കുന്നതായി അവർ പറയുന്നു. എന്നാൽ ഇത് ശരിയല്ലന്നും ഇന്ത്യയിൽ 22 ഔദ്യോഗിക ഭാഷകളും 121 പ്രധാന ഭാഷകളും ആയിരക്കണക്കിന് പ്രാദേശിക ഭാഷകളുമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
‘ചില സ്ഥലങ്ങൾ വൃത്തിഹീനമായിരിക്കാം. എന്നാൽ രാജ്യം 'വളരെ വേഗത്തിൽ' വികസിക്കുന്നതിനാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ’- എന്നും ഷരോവ കൂട്ടിച്ചേർത്തു. രാജ്യത്തെ 'കൺവീനിയൻസ് എക്കോണമി'യെക്കുറിച്ചും അവർ പറയുന്നുണ്ട്. "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കാര്യക്ഷമമായ വിതരണ സംവിധാനം ഇന്ത്യയിലുണ്ട്: ഒരു ബട്ടൺ ക്ലിക്കുചെയ്താൽ അഞ്ച് മിനിറ്റിനുള്ളിൽ എല്ലാം നിങ്ങളുടെ വാതിൽക്കലെത്തും,"- ഷരോവ പറഞ്ഞു.
എല്ലാ ഇന്ത്യൻ സിനിമകളും ബോളിവുഡ് നിർമിക്കുന്നതാണെന്നാണ് ഭൂരിഭാഗം വിദേശികളും കരുതുന്നത്. എന്നാൽ ടോളിവുഡ്, കോളിവുഡ് പോലുള്ള പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങൾ എന്നത്തേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഷരോവ വ്യക്തമാക്കി.
ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഹംപി, എല്ലോറ, അജന്ത കേവ്സ്, രാജസ്ഥാനിലെ കോട്ടകൾ എന്നിവയുൾപ്പെടെ തന്നെ ആകർഷിച്ച നിരവധി സ്ഥലങ്ങളെക്കുറിച്ചും അവർ പങ്കുവെച്ചു.
കൂടാതെ, അറേഞ്ച്ഡ് മാരേജ്, വാസ്തുവിദ്യാ പൈതൃകം, ആഢംബര യാത്രകൾ, ആഘോഷങ്ങൾ എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അവർ തന്റെ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
ദീപാവലിയാണ് രാജ്യത്തിന്റെ പ്രധാന ആഘോഷമെന്ന ധാരണയും തിരുത്തുന്നുണ്ട്. ഓണം ഉള്‍പ്പടെയുള്ള മറ്റ് പ്രാദേശിക ആഘോഷങ്ങളും ഉണ്ടെന്നും എല്ലാ ആഘോഷങ്ങളുടെയും ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറയുന്നു.
ഇന്ത്യയില്‍ എന്നും ചൂടാണെന്ന ചിന്ത തെറ്റാണെന്നും മഞ്ഞും തണുപ്പും മരുഭൂമിയും തുടങ്ങി എല്ലാ കാലാവസ്ഥയും ഇവിടെയും ഉണ്ടൈന്നും പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ട്രെയിനുകള്‍ എപ്പോഴും തിങ്ങിനിറഞ്ഞതാണെന്നും അറേഞ്ച്ഡ് മാരേജ് മാത്രമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ഇന്ത്യയിലുള്ളവരെല്ലാം വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നുമുള്ള സ്റ്റീരിയോടൈപ്പുകളേയും അവര്‍ ഉദാഹരണങ്ങള്‍ നല്‍കി വിമര്‍ശിക്കുന്നുണ്ട്.
Content Highlights: Anastasia Sharova, a Russian entrepreneur in India, uses Instagram to correct outdated foreign stereotypes about Indian lifestyle, culture, language diversity, infrastructure, and more.