'എ ബി സി ഡി പഠിക്കാന്‍ രണ്ടരലക്ഷം രൂപ!' നഴ്‌സറി ക്ലാസിലെ ഫീസ് കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ഹൈദരാബാദിലെ ഒരു നഴ്‌സറി ക്ലാസിലെ ഫീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ധര്‍മ്മ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകയായ അനുരാധാ തിവാരി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നിന്നാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഹൈദരാബാദിലെ ഒരു സ്‌കൂളിലെ 2025-26 അധ്യയന വര്‍ഷത്തെ വിവിധ ക്ലാസുകളിലെ ഫീസുകളാണ് അനുരാധ പങ്കുവെച്ചത്. 

'ക്ലാസ് - നഴ്‌സറി, ഫീസ് - 2,51,000/- രൂപ. എ ബി സി ഡി പഠിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് മാസം 21,000 ചെലവാകും. ഇത്രവലിയ ഫീസ് വാങ്ങി എന്താണ് ഈ സ്‌കൂളുകള്‍ പഠിപ്പിക്കുന്നത്?' -അനുരാധാ തിവാരി എക്‌സില്‍ കുറിച്ചു. 

നാല് ഇന്‍സ്റ്റാള്‍മെന്റായാണ് ഫീസ് അടയ്‌ക്കേണ്ടത്. കുട്ടിയുടെ നഴ്‌സറി അഡ്മിഷന്‍ സമയത്ത് 74,000 രൂപ, പിന്നീട് ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 59,000 രൂപ വീതവും അടയ്ക്കണം. അങ്ങനെയാണ് ആകെ വാര്‍ഷിക ഫീസ് 2,51,000 രൂപയാകുന്നത്. ഇതില്‍ 1,91,000 രൂപ ട്യൂഷന്‍ ഫീസാണ്. അഡ്മിഷന്‍ സമയത്ത് നല്‍കുന്നതില്‍ 10,000 രൂപ കോഷന്‍ ഡെപ്പോസിറ്റായതിനാല്‍ തിരികെ ലഭിക്കും. 

നഴ്‌സറിയില്‍ ഇതാണ് ഫീസെങ്കില്‍ പ്രീ പ്രൈമറി ഒന്ന്, പ്രീ പ്രൈമറി രണ്ട് ക്ലാസുകളില്‍ 2,72,400 രൂപയാണ് ആകെ ഫീസ്. ഇതില്‍ 2,12,400 രൂപയാണ് ട്യൂഷന്‍ ഫീസ്. ഒന്ന്, രണ്ട് ക്ലാസുകളിലേക്കെത്തുമ്പോള്‍ ഫീസ് ഇനിയും കൂടും. 2,91,460 രൂപയാണ് ഈ ക്ലാസുകളിലെ വാര്‍ഷിക ഫീസ്. 2,31,460 രൂപയാണ് ട്യൂഷന്‍ ഫീസ്. മൂന്ന്, നാല് ക്ലാസുകളില്‍ 3,22,350 രൂപയാണ് വാര്‍ഷിക ഫീസ്. ഇതില്‍ 2,62,350 രൂപയാണ് ട്യൂഷന്‍ ഫീസ്. എല്ലാ ക്ലാസുകളിലും 10,000 രൂപ കോഷന്‍ ഫീസാണ്. 

സ്‌കൂളിലെ ഫീസ് ഘടനയ്‌ക്കെതിരെ നിരവധി പേര്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ ന്യായീകരിച്ചും രംഗത്തെത്തി. ഇത് വലിയ തട്ടിപ്പാണെന്നും ഇതിന് നിയമപരമായ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് ഒരാള്‍ കമന്റിട്ടത്. നിങ്ങള്‍ക്ക് ഇത്ര വലിയ ഫീസ് കൊടുക്കാന്‍ ഇല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ അങ്ങോട്ട് അയക്കേണ്ട, അത്ര ലളിതമാണ് കാര്യം എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. 

Content Highlights: Hyderabad School's Rs 2.5 Lakh Fee For Nursery Goes Viral