ഫൈനലിനിടെ ചാഹലിനൊപ്പുണ്ടായിരുന്ന യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ; ആരാണ് RJ മഹ്വാഷ്?

ന്യൂസിലാന്‍ഡിനെ തകര്‍ത്തുകൊണ്ട് ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന്റെ ആവേശത്തിലാണ് രാജ്യം. അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയ രോഹിത് ശര്‍മ്മയും 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരും രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമെല്ലാം ഫൈനലില്‍ തിളങ്ങിയ താരങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ടീമിലില്ലാതിരുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ഫൈനൽ ദിനത്തിൽ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു-യുസ്‍വേന്ദ്ര ചാഹല്‍.
വിവാഹ മോചന അഭ്യൂഹങ്ങളാണ് യുസ്‍വേന്ദ്ര ചാഹലിനെ നേരത്തേ വാര്‍ത്തകളില്‍ നിറച്ചതെങ്കില്‍ കഴിഞ്ഞ രാവില്‍ അദ്ദേഹത്തെ വാര്‍ത്താ താരമാക്കിയത് മറ്റൊരു കാര്യമാണ്. ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരിലൊരാളായ ചാഹല്‍ ദുബായില്‍ ഫൈനല്‍ മത്സരം നടന്ന സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലുണ്ടായിരുന്നു. ചാഹല്‍ ഒറ്റയ്ക്കായിരുന്നില്ല, അദ്ദേഹത്തിനൊപ്പം ഒരു യുവസുന്ദരിയും കളി കാണാനുണ്ടായിരുന്നു.
ചാഹലിനൊപ്പം ഇന്ത്യ-ന്യൂസിലാന്‍ഡ് പോരാട്ടം കാണാനെത്തിയ ആ സുന്ദരി ആരാണെന്ന ചോദ്യമാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയാകെ അലയടിച്ചത്. അലിഗഢില്‍ നിന്നുള്ള യൂട്യൂബറും റേഡിയോ ജോക്കിയുമായ മഹ്‌വാഷ് ആയിരുന്നു അത് എന്ന് പിന്നീട് വ്യക്തമായി.
ആരാണ് ആര്‍.ജെ. മഹ്‌വാഷ്?
പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയായ ആര്‍.ജെ. മഹ്‌വാഷിന്റെ യഥാര്‍ഥ പേര് മഹ്‌വാഷ് അമു എന്നാണ്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്‌വാഷ്, റേഡിയോ മിര്‍ച്ചി 98.3 എഫ്.എമ്മിലെ ആര്‍.ജെയാണ്.
കാഴ്ചക്കാര്‍ക്ക് സ്വന്തം ജീവിതവുമായി സാമ്യം തോന്നുന്ന തരത്തിലുള്ള വീഡിയോകളാണ് മഹ്‌വാഷ് യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറ്. ഒപ്പം സ്ത്രീകളെ സ്വയം ശാക്തീകരിക്കാന്‍ പ്രേരിപ്പിക്കുന്ന തരം വീഡിയോകളും അവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയാ കണ്ടന്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ബിഗ് ബോസ് 14-ാം എഡിഷനിലേക്കും ബോളിവുഡിലേക്കുമെല്ലാം ലഭിച്ച ക്ഷണം മഹ്‌വാഷ് നിരസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചാഹലും മഹ്‌വാഷും തമ്മിൽ
ചാഹലിനേയും മഹ്‌വാഷിനേയും കുറിച്ച് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ലഞ്ച് കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങൾ മെഹ്‍വാഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന കിംവദന്തികൾ പരന്നത്. ഇതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ദിനത്തില്‍ ദുബായിലെ സ്റ്റേഡിയത്തില്‍ ഇരുവരും ഒരുമിച്ചു. മഹ്‌വാഷ് ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റയില്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. ചാഹല്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ഒരുമിച്ചുള്ള സാന്നിധ്യം സാമൂഹിക മാധ്യമങ്ങളില്‍ കൂടതല്‍ ചര്‍ച്ചകള്‍ക്കിടയാക്കിയത്.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മഹ്‌വാഷ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.
Content Highlights: Who Is RJ Mahvash? Mystery Girl Spotted With Yuzvendra Chahal During Champions Trophy Final