റിങ്കുവിനൊപ്പം ആദ്യമെടുത്ത ഫോട്ടോ പങ്കുവെച്ച് മുക്ത;പ്രതിസന്ധികളില്‍ കരുത്തേകിയവനാണെന്ന് റിമി

റിങ്കു ടോമിയും മുക്തയും/ റിമി ടോമി | Photo: instagram/ muktha/ rimi tomy
റിങ്കു ടോമിയും മുക്തയും/ റിമി ടോമി | Photo: instagram/ muktha/ rimi tomy

ഭര്‍ത്താവ് റിങ്കു ടോമിക്കൊപ്പം ആദ്യമായി എടുത്ത ഫോട്ടോ പങ്കുവെച്ച് നടി മുക്ത. ഒരു ദുബായ് യാത്രയില്‍ തന്നെ ആദ്യമായി കണ്ടപ്പോള്‍ റിങ്കു ചോദിച്ച് എടുത്ത ചിത്രമാണിതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മുക്ത പറയുന്നു. റിങ്കുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ ഫോട്ടോ മുക്ത ആരാധകരുമായി പങ്കുവെച്ചത്.

ആദ്യത്തെ ആ ഫോട്ടോ എടുത്തതിന് ശേഷം പിന്നീട് ആ പരിപാടി നിര്‍ത്തേണ്ടി വന്നിട്ടില്ലെന്നും തന്റെ നല്ല പാതി ആയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും മുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം റിങ്കുവിനൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സഹോദരന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗായികയും അവതാരകയുമായ റിമി ടോമിയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെനിന്ന് കരുത്തേകുന്ന വ്യക്തിയാണ് റിങ്കുവെന്നും ഇതുപോലൊരു അനിയനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും റിമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

'ഇതുപോലെയുള്ള ഒരു അനിയനെ തന്നതില്‍ ദൈവത്തോട് എന്നും നന്ദി പറയാറുണ്ട്. അതൊരുപക്ഷേ ഇതുവരെ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും. നിഴല്‍പോലെ നീ കൂടെനില്‍ക്കുന്നു. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കരുത്തേകി. കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാനും നിന്നോട് എനിക്ക് പറഞ്ഞുതരേണ്ടി വന്നിട്ടില്ല. പ്രായത്തില്‍ എന്റെ അനിയന്‍ ആയാലും നീ സൂപ്പര്‍ ആണെടാ. ഇങ്ങനെ ഒരു അനിയനേയും അനിയത്തിയേയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.'-റിമി ടോമി കുറിച്ചു.
 

Content Highlights: rimi tomy and muktha convey birthday wishes to rinku