രാത്രി ഏഴരയ്ക്ക് വരേണ്ട റിഹാന എത്തിയത് പുലർച്ചെ 3ന്; തങ്ങളുടെ സമയത്തിനും വിലയില്ലേയെന്ന് ഇൻഫ്‌ളുവൻസർ

തന്റെ കോസ്‌മെറ്റിക് ബ്രാൻഡായ ഫെന്റി ബ്യൂട്ടിയുടെ ഇന്ത്യയിലെ ലോഞ്ചിനായി കഴിഞ്ഞ ദിവസം ഗായിക റിഹാന മുംബൈയിലെത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരം പരിപാടിക്കെത്തിയത്. തന്നെ കാണാൻ കാത്തിരുന്ന ഇൻഫ്‌ളുവൻസർമാരുമായി റിഹാന സംവദിക്കുകയും അവരുടെ കൂടെ ചിത്രങ്ങളെടുക്കുകയും ചെയ്തു. ഇഷ അംബാനി, ജാൻവി കപൂർ, മനീഷ് മൽഹോത്ര എഎന്നിവരുടെ പരിപാടിക്കെത്തിയിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ഇൻഫ്‌ളുവൻസറായ യാഷിത ദാമാനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ചർച്ചാവിഷയമാകുന്നത്. റിഹാനയുടെ പരിപാടിയിലേക്ക് തനിക്കും ക്ഷണമുണ്ടായിരുന്നെന്നും എന്നാൽ റിഹാന എത്തുന്നതിന് മുമ്പ് താൻ അവിടെ നിന്ന് തിരിച്ചുപോന്നെന്നും അവർ പറയുന്നു. അഞ്ച് മണിക്കൂറോളമാണ് റിഹാനയ്ക്കായി കാത്തിരുന്നതെന്നും ഒടുവിൽ മടുത്തതോടെ അവിടെ നിന്ന് പോകുകയായിരുന്നുവെന്നും അവർ വീഡിയോയിൽ പറയുന്നു. റിഹാനയെ രണ്ട് മിനിറ്റ് മാത്രം കാണാനായി ഇത്രയും സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും അവർ ചോദിക്കുന്നു.
'ഇന്നലത്തെ പരിപാടിയുടെ വിശേഷങ്ങൾ. റിഹാനയ്ക്കായി ഞങ്ങൾ അഞ്ച് മണിക്കൂർ കാത്തിരുന്നു. അവർ വരുന്നതിന് മുമ്പ് ഞാൻ തിരിച്ചുപോയി. വെള്ളിയാഴ്ച്ച വൈകുന്നേരം അവിടെ എത്തിയവരെല്ലാം ശനിയാഴ്ച്ച രാവിലെയാണ് തിരിച്ചുപോയത്.'-അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വൈകുന്നരേം 7.30ന് തുടങ്ങുമെന്നാണ് ഞങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ താരം എത്തിയപ്പോൾ പുലർച്ചെ മൂന്ന് മണിയായെന്നും അവർ പോസ്റ്റിൽ പറയുന്നു,
'പ്രധാന അതിഥി പരിപാടിക്ക് അഞ്ചു മണിക്കൂർ വൈകി എത്തുന്നത് സങ്കൽപ്പിക്കുക. ഇന്നലത്തെ പരിപാടിയുടെ വിശേഷങ്ങൾ ഞാൻ പറയാം. ഫെന്റി ബ്യൂട്ടി 7:30-ന് തുടങ്ങുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരും എത്തി. റിഹാന എത്തുന്നതും കാത്ത് ഞങ്ങളിരുന്നു. എന്നാൽ, 7:30 കഴിഞ്ഞു, 8 കഴിഞ്ഞു, 9 കഴിഞ്ഞു, ഗായിക വന്നില്ല. അപ്പോൾ എല്ലാവരും കരുതിയത് സാധാരണ സെലിബ്രിറ്റികളെ പോലെ അവരും വൈകിയാണ് എത്തുക എന്നതായിരുന്നു. എന്നാൽ ഒരു മണിയായിട്ടും അവർ വന്നില്ല. മൂന്ന് മണിക്ക് റിഹാന എത്തുമ്പോഴേക്കും ഞാൻ വീട്ടിൽ പോയിരുന്നു. അത് നന്നായി എന്ന് തോന്നി. രണ്ട് മിനിറ്റ് കാണാനായി ഇത്രയും സമയം കാത്തിരിക്കുന്നത് എന്തിനാണ്. റിഹാനയെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അതിന്റെ പേരിൽ ഇത്രയും സമയം കളയാനാകില്ല.' അവർ കുറിച്ചു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഇൻഫ്‌ളുവൻസറെ അഭിനന്ദിച്ച് കമന്റ് ചെയ്്തിരിക്കുന്നത്. ബ്രാൻഡുകൾ സെലിബ്രിറ്റികളെപ്പോലെ തന്നെ ആളുകളുടെ സമയത്തെയും ബഹുമാനിക്കണമെന്ന് ചിലർ കുറിച്ചു. ഇത്രയും ധൈര്യത്തോടെ തുറന്നു പറഞ്ഞതിന് ഇൻഫ്‌ളുവൻസറെ പലരും അഭിനന്ദിക്കുകയും ചെയ്തു. 'നിങ്ങളെല്ലാവരും കൂടി ഇറങ്ങിപ്പോകാൻ തീരുമാനിച്ചിരുന്നെങ്കിൽ, ഇത്രയും വലിയ സെലിബ്രിറ്റികൾക്കും പിആർ കമ്പനികൾക്കും നിങ്ങൾ അവരുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന സൗജന്യ ജീവനക്കാരല്ല എന്നൊരു പാഠം പഠിപ്പിക്കാമായിരുന്നു.' എന്നായിരുന്നു ഒരു കമന്റ്.
Content Highlights: Rihanna arrived 5 hours late to the Fenty Beauty launch in Mumbai., Influencers and guests were kept waiting from 7:30 PM until 3:00 AM., Social media backlash highlights the lack of respect for attendees' time.