ഇറാനിൽ ജനം തെരുവിൽ, പ്രമുഖരുടെ മക്കൾ ആഡംബര ജീവിതത്തിൽ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റുകൾ

്അനാഷിദ് ഹുസൈനി/  സാഷ സൊബാനി | Photo: instagram
്അനാഷിദ് ഹുസൈനി/ സാഷ സൊബാനി | Photo: instagram

റാനിലെ ഭരണത്തിനെതിരായ പ്രതിഷേധത്തിനിടയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുമ്പോൾ ഭരണത്തിലുള്ള പ്രമുഖരുടെ മക്കൾ ആഡംബര ജീവിതം നയിക്കുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നത് വിവാദമാകുന്നു. മന്ത്രിമാരുടേയും സുരക്ഷാ മേധാവികളുടേയും മതനേതാക്കളുടേയും മക്കളാണ് ഇത്തരത്തിൽ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. ഇവർ ഇറാനിലും വിദേശത്തുമായി ആഡംബര ജീവിതം നയിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഡെൻമാർക്കിലെ ഇറാന്റെ മുൻ അംബാസഡറുടെ മകന്റെ ഭാര്യയും ഫാഷൻ ഡിസൈനറുമായ അനാഷിദ് ഹുസൈനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ചർച്ചയായിരുന്നു. വില കൂടിയ വസ്ത്രവും ആഡംബര ഹാൻഡ് ബാഗുമായിട്ടുള്ള ചിത്രമാണ് അവർ പ്രതിഷേധം തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് പോസ്റ്റ് ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാമിൽ അവർക്ക് 1.7 മില്ല്യൺ ഫോളോവേഴ്സുണ്ട്. എന്നാൽ, ഇറാനിൽ ഇന്റർനെറ്റ് നിരോധിച്ചശേഷം ഇവരുടെ അക്കൗണ്ടിൽ പുതിയ പോസ്റ്റുകളൊന്നും വന്നിട്ടില്ല.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുടെ മുതിർന്ന ഉപദേഷ്ടാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മുൻ സുരക്ഷാ മേധാവിയുമായിരുന്ന അലി ഷംഖാനിയുടെ മക്കളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ദുബായ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിങ് വ്യവസായി മുഹമ്മദ് ഹുസൈൻ ഷംഖാനി, ഹസ്സൻ ഷംഖാനി എന്നിവരാണ് അലി ഷംഖാനിയുടെ മക്കൾ.

വെനസ്വേലയിലെ മുൻ ഇറാനിയൻ അംബാസഡറുടെ മകൻ സാഷ സൊബാനിയും ഇത്തരത്തിൽ വിമർശനം നേരിടുന്നുണ്ട്. സ്വകാര്യ ജെറ്റുകളും കപ്പലുകളും, ഫാസ്റ്റ് കാറുകൾ, ആഡംബര പാർട്ടികൾ എന്നിവയെല്ലാം സാഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 2019-ലാണ് സാഷ സൊബാനി സ്പെയ്നിലേക്ക് താമസം മാറിയത്. അതുപോലെ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ സഹോദരൻ സ്‌കോട്ട്ലൻഡിൽ താമസിക്കുന്നു. മുൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ മക്കൾ ഓസ്ട്രിയയിലാണ്. 

Content Highlights: rich kids of iran flaunt wealth and incite rage reportedly partying in nightclubs as blood runs in the streets