'മരണംവരെ വാവൂട്ടാ എന്നേ വിളിച്ചിട്ടുള്ളൂ, മകനായി കിച്ചു മതിയെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്'

രേണു സുധിയും കൊല്ലം സുധിയും/  രേണു സുധി | Photo: instagram/ renu sudhi
രേണു സുധിയും കൊല്ലം സുധിയും/ രേണു സുധി | Photo: instagram/ renu sudhi

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി ഭാര്യ രേണു സുധി. 2023 ജൂണ്‍ അഞ്ചിന് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധിക്ക് ജീവന്‍ നഷ്ടമായത്. അതിനുശേഷം അഭിനയരംഗത്തെത്തിയ രേണു നാടകത്തിലും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. തുടര്‍ന്ന് രേണുവിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സുധിയ്ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് രേണു തുറന്ന് സംസാരിച്ചത്.

സുധി തന്നെ മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും വല്ലപ്പോഴുമെങ്കിലും ഭാര്യയായി കാണണമെന്ന് താന്‍ പറയാറുണ്ടായിരുന്നെന്നും അതിന്റെ പേരില്‍ ചെറിയ വഴക്ക് കൂടുമായിരുന്നെന്നും രേണു പറയുന്നു. മരണം വരെ തന്നെ 'വാവൂട്ടാ' എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും ആ വിളിയില്‍തന്നെ അദ്ദേഹത്തിന്റെ സ്‌നേഹമുണ്ടായിരുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേണു പറയുന്നു.

Read More: സുധി ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്,അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല- രേണു സുധി

'ഞങ്ങള്‍ പ്രണയം തുടങ്ങി നാല് മാസത്തിനു ശേഷമായിരുന്നു വിവാഹം. സുധി ചേട്ടന്‍ എന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് അവര്‍ തീരുമാനിച്ചു ഇവരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന്. ബ്യൂഗിള്‍ വായിക്കുന്ന മനോജേട്ടനാണ് വിവാഹം നടത്താന്‍ മുന്‍കൈ എടുത്തത്. കിച്ചു ആണ് താലി മേടിച്ചു തന്നത്. ഇനി എന്തിനാണ് വൈകിക്കുന്നതെന്നും വിവാഹം നടത്താം എന്നും അവര്‍ പറഞ്ഞു. ഒരു ചടങ്ങ് പോലെ അവിടെ വെച്ച് കല്ല്യാണം നടത്തി. എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിനോട് മാത്രമാണ് കല്ല്യാണം പറഞ്ഞത്. എന്റെ സന്തോഷമാണ് വലുത് എന്നാണ് അവള്‍ പറഞ്ഞത്. ഞാന്‍ അന്ന് ഐഡിയയുടെ കസ്റ്റമര്‍ കെയറില്‍ വര്‍ക്ക് ചെയ്യുകയാണ്.

മച്ചാന്‍ വര്‍ഗീസ് ചേട്ടന്റെ വീട്ടില്‍ ഞാന്‍ പെയിങ് ഗസ്റ്റ് ആയി നിന്നിട്ടുണ്ട്. അവിടുത്തെ ആന്റിയുമായി നല്ല സൗഹൃദത്തിലായിരുന്നു. ആന്റിയുടെ വീട്ടില്‍ പോകുകയാണെന്ന് വീട്ടില്‍ കള്ളം പറഞ്ഞാണ് സുധി ചേട്ടനേയും മകനേയും കാണാന്‍ പോയത്. എന്നിട്ട് ഞങ്ങള്‍ മൂന്ന് പേരും കൂടി കറങ്ങാന്‍ പോയി തിരിച്ചുവന്ന് റൂമില്‍ താമസിക്കും. പിറ്റേന്ന് അവര്‍ അവരുടെ വീട്ടിലും ഞാന്‍ എന്റെ വീട്ടിലും പോകും. അന്ന് കിച്ചു ആറാം ക്ലാസിലാണ് പഠിക്കുന്നത്.

ഞാന്‍ ചെന്ന് അവനെ കുളിപ്പിക്കും. പാട്ട് പാടി ഉറക്കും. ഞാന്‍ വാങ്ങിക്കൊടുത്ത ഷര്‍ട്ട് ഇട്ട് അവന്റെ ഒരു ഫോട്ടോ ഉണ്ട്. ഞങ്ങള്‍ വീഗാലാന്റില്‍ പോയപ്പോള്‍ ഒരു ചേച്ചി അവനോട് ചോദിച്ചു, ഇത് മോന്റെ ചേച്ചിയാണോ എന്ന്. ഇത് എന്റെ അമ്മയാണ് എന്നാണ് അവന്‍ മറുപടി പറഞ്ഞത്. വിവാഹത്തിന് മുമ്പും അവന്‍ എന്നെ അമ്മ എന്നാണ് വിളിച്ചിരുന്നത്. നീ ഇല്ലാതെ എനിക്ക് പറ്റില്ല, വിവാഹം കഴിക്കണം എന്ന് സുധി ചേട്ടന്‍ തന്നെയാണ് പറഞ്ഞത്. 

കൂട്ടുകാരെപ്പോലെയായിരുന്നു ഞങ്ങള്‍. എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കും. മകനായിട്ട് കിച്ചു മാത്രം മതി എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അവന് വേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ കിച്ചു പറഞ്ഞു അവന് ഒരു അനിയനെ വേണമെന്ന്. അപ്പോഴാണ് കുഞ്ഞിനെപ്പറ്റി ഞങ്ങള്‍ ചിന്തിച്ചത്. സുധി ചേട്ടന്‍ പെണ്‍കുട്ടിയെയാണ് ആഗ്രഹിച്ചത്. എന്നാല്‍ കിച്ചു ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടി തന്നെയുണ്ടായി. അന്നും ഇന്നും എനിക്ക് കിച്ചുവാണ് എന്റെ ആദ്യത്തെ കുട്ടി. അനിയന്‍ ഉണ്ടായപ്പോള്‍ അവന് വലിയ സന്തോഷമായി.'- രേണു അഭിമുഖത്തില്‍ പറയുന്നു.

തന്റെ യഥാര്‍ഥ പേര് രേഷ്മ തങ്കച്ചന്‍ എന്നാണെന്നും വീട്ടില്‍ വിളിക്കുന്ന രേണു എന്ന പേര് സുധിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് അത് വിളിച്ചതെന്നും രേണു പറയുന്നു. സുധി തന്നെ മാത്രമേ നിയമപരമായി വിവാഹം ചെയ്തിട്ടുള്ളൂവെന്നും സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായതിന്റെ രേഖ തന്റെ കൈയിലുണ്ടെന്നും രേണു പറയുന്നു. രേഖയില്‍ വരന്റെ പേര് സുധി എന്നും വധുവിന്റെ പേര് രേഷ്മ എന്നുമാണ്. സാക്ഷികള്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവും എന്റെ അമ്മയുടെ അനുജത്തി ബിന്ദു സെബാസ്റ്റ്യനും അമ്മയുടെ സഹോദരന്‍ ആശിഷ് ജോയിയുമാണ്. രേണു പറയുന്നു.

തനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വരുന്നുണ്ടെന്നും അതൊന്നും താന്‍ സമ്മതിച്ചിട്ടില്ലെന്നും രേണു പറയുന്നു. 'കഴിഞ്ഞ ദിവസം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആലോചന വന്നു. ആള്‍ ഡിവോഴ്‌സ് ചെയ്തതാണ്. ഞാന്‍ പറഞ്ഞു ചേട്ടാ, ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. മോളെപ്പോലെ നോക്കാം എന്ന് പറഞ്ഞ് ദുബായിക്കാരന്‍ വന്നു. ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, രേണു സമ്മതിച്ചാല്‍ മതി എന്ന് പറഞ്ഞു. അവരോടും ഞാന്‍ താത്പര്യമില്ല എന്ന് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നെങ്കിലും എനിക്ക് ഇഷ്ടമായിട്ട് ഞാനൊരു വിവാഹം കഴിച്ചാല്‍ സുധി എന്നുള്ള പേര് മാറ്റും. വേറെ ഒരാളുടെ ഭാര്യയായാല്‍ പിന്നെ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് അനീതിയാണ്.' രേണു അഭിമുഖത്തില്‍ പറയുന്നു. 

Content Highlights: renu sudhi talks about relationship with kollam sudhi and his son