'ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി'; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

#Lifestyle Desk
രേണു സുധി | Photos: instagram.com/renu_sudhi
രേണു സുധി | Photos: instagram.com/renu_sudhi

കാൻസർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തന്റെ രോഗവിവരവും ചികിത്സയുടെ വിവരങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ രേണു പങ്കുവെക്കാറുണ്ട്. കീമോയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ പറയുകയാണ് ഇൻസ്റ്റഗ്രാമിൽ പുതിയതായി പങ്കുവെച്ച വീഡിയോയിൽ രേണു.

തനിക്ക് ഇപ്പോൾ നേരെ ഇരിക്കാൻ വയ്യെന്നും ഇരുന്നാൽ ഛർദ്ദിക്കുമെന്നും രേണു സുധി വീഡിയോയിൽ പറയുന്നു. ഛർദിക്ക് പുറമെ ലൂസ് മോഷനും തലകറക്കവുമുണ്ട്. പിടലിയുടെ വശം പൊട്ടി. തൊണ്ടയിലും പൊട്ടലുണ്ട്. കീമോ ചെയ്യാനായുള്ള കൈയിലെ പിക് ലൈനിൽ ചെറിയ ബ്ലീഡിങ് ഉണ്ടായെന്നും ഇത് ബാത് റൂമിൽ ഫ്‌ളഷ് ചെയ്തപ്പോൾ സംഭവിച്ചതാണ്. അത് ആശുപത്രിയിൽ പോയി ക്ലീൻ ചെയ്തു. ഇനി ഇങ്ങനെയുണ്ടായാൽ ഇത്ര ദൂരം വരേണ്ടെന്നും അടുത്തെവിടെയെങ്കിലും പോയി ക്ലീൻ ചെയ്താൽ മതിയെന്നും നേഴ്‌സുമാർ പറഞ്ഞതായും രേണു സുധി പറഞ്ഞു.

ആദ്യമായാണ് താൻ കീമോ ചെയ്യുന്നത്. ആദ്യം പേടിയുണ്ടായിരുന്നു. ഇപ്പോഴില്ല. കാൻസറിനേക്കാൾ തനിക്ക് പേടി ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥയാണ്. തന്റെ കുഞ്ഞ്, ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ, കരിഷ്മ, ചുറ്റുമുള്ള കുറച്ച് നല്ല ആളുകൾ ഇവരുടെയെല്ലാം വേദനയാണ് തനിക്ക് സഹിക്കാൻ കഴിയാത്തത്. രോഗത്തെ മറികടന്ന് താൻ തിരിച്ച് വരുമെന്ന ആത്മവിശ്വാസവും രേണു സുധി പ്രകടിപ്പിച്ചു.

'കീമോക്ക് മുന്നേ തുടയിൽ ഒരു മരുന്ന് കുത്തിവെച്ചിരുന്നു. അതെന്തോ ആന്റിബോഡി ആണെന്നാ പറഞ്ഞത്. നല്ല വിലയുള്ള മരുന്നാണ് അത്. കുത്തിയാലേ ഇത് കറക്റ്റ് ആവത്തുള്ളൂ എന്നാണ് ഞാൻ അറിഞ്ഞത്. എനിക്ക് ഈ മെഡിക്കൽ വേർഡോ കാര്യങ്ങളോ ഒന്നും അറിയില്ലെങ്കിൽ പോലും എന്റെ ആ ഒരു ഊഹം വെച്ച് ഡോക്ടേഴ്‌സിന്റെ സംസാരവും കാര്യങ്ങളും ഒക്കെ വെച്ചിട്ട് മനസ്സിലാക്കിയത് ആന്റിബോഡി എല്ലാ കീമോയിലും കുത്തിവെക്കണം എന്നാണ്.' -രേണു വീഡിയോയിൽ പറഞ്ഞു.

Content Highlights: Renu Sudhi, wife of the late mimicry artist Kollam Sudhi, shared her severe post-chemotherapy health struggles on Instagram. Experiencing vomiting, dizziness, and mouth sores, she expressed confidence in defeating cancer.