'10 കെട്ടിയാലും 12 കെട്ടിയാലും ഇവന്മാർക്കെന്താ?; ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം': വ്ലോഗർക്കെതിരേ രേണു

പോലീസ് ഉദ്യോഗസ്ഥർ തന്റെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവുമായി അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയ വ്ലോഗർക്കെതിരേ പരാതി നൽകാൻ എത്തിയപ്പോൾ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അപമാനിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്നും രേണു പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'പരാതി ഇവിടെ തീർക്കാൻ പറ്റില്ലെന്നും കോടതിയിൽ തീർക്കാമെന്നുമാണ് പോലീസ് പറഞ്ഞത്. രണ്ട് സ്ത്രീകൾ ആണെന്നുപോലും നോക്കാതെയാണ് ദേഷ്യപ്പെട്ടത്. ഞങ്ങൾ സമൂഹത്തിന് മുന്നിൽ ഇറങ്ങി ജീവിക്കുന്നവരല്ലേ. പോലീസുകാർ പേടിപ്പിച്ചുവിടുകയാണ്. എന്തിനാണ് പേടിപ്പിച്ചതെന്ന് മനസ്സിലായില്ല. ഇനി കോടതിയിൽ തന്നെ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്', രേണു പറയുന്നു.
തന്നെ അപമാനിച്ച വ്ലോഗർക്കെതിരേയും രേണു പ്രതികരിച്ചു. 'ഞാൻ 10 കെട്ടിയാലും 12 കെട്ടിയാലും ഇവന്മാർക്കെന്താ. എന്റെ മരിച്ചു പോയ സുധിച്ചേട്ടനും ഇല്ല പ്രശ്നം മറ്റ് ആർക്കും ഒരു പ്രശ്നവുമില്ല. പിന്നെ ഇത് ഇങ്ങനെ കുത്തിപ്പൊക്കാൻ ഇയാൾ ആരാണ്. ഇയാളെ എന്റെ പുറകെ നടക്കാൻ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ. ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം?', രേണു ചോദിക്കുന്നു.
യുട്യൂബർമാരിൽ ചിലർ രേണുവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കിയത് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതാണ് വിഷയങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയാണ് പോലീസിനെ സമീപിക്കാൻ ഇവർ തീരുമാനിക്കുന്നത്.
Content Highlights: Renu Sudhi, wife of late artist Kollan Sudhi, alleges police misconduct