'ബാത്ത്‌റൂമിൽ നിന്ന് വരെ വീഡിയോ കോൾ ചെയ്തു'-റാപ്പിഡോ ഡ്രൈവർ മോശമായി പെരുമാറിയെന്ന് യുവതി

റാപ്പിഡോ റൈഡിന് ശേഷം ഡ്രൈവറിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന് വ്യക്തമാക്കി യുവതി. ഡൽഹിയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്കാണ് റാപ്പിഡോ ബുക്ക് ചെയ്തതെന്നും യാത്രയ്ക്കുശേഷം ഡ്രൈവർ മോശമായി പെരുമാറിയെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. തുടർന്ന് ഇത് ചൂണ്ടിക്കാട്ടി താൻ റാപ്പിഡോയ്ക്ക് ഇ-മെയിൽ അയച്ചെന്നും അവർ മാപ്പ് പറഞ്ഞെന്നും യുവതി വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ശൈവ്യ വശിഷ്ഠയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യാത്രയിലുടനീളം ഡ്രൈവർ അനുചിതമായി പെരുമാറിയെന്ന് ശൈവ്യാ ആരോപിച്ചു. ലൈംഗികച്ചുവയുള്ളതും അത് സൂചിപ്പിക്കുന്നതുമായ പാട്ടുകൾ കേൾപ്പിക്കുകയും കുടുംബത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമുള്ള വ്യക്തിപരമായ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുകയും അവർ പറയുന്നു. ഇതുകേട്ട് താൻ അസ്വസ്ഥയായെന്നും ശൈവ്യ കൂട്ടിച്ചേർത്തു.
യാത്ര കഴിഞ്ഞശേഷവും ശല്ല്യം തുടർന്നു. അയാൾ വീഡിയോ കോൾ വിളിക്കാൻ തുടങ്ങി. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് പല നമ്പറുകളിൽ നിന്ന് വിളിച്ചെന്നും ശല്ല്യം തുടർന്നെന്നും അവർ പറയുന്നു. പിന്നീട് ഒരു തവണ അയാൾ ബാത്ത്‌റൂമിൽ നിന്നാണ് വീഡിയോ കോൾ ചെയ്തതെന്നും അത് തനിക്ക് വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും ശൈവ്യ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ റാപ്പിഡോ പ്രതികരിച്ചു. ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നതിൽ നിന്ന് ഖേദിക്കുന്നുവെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും അവർ കുറിച്ചു. 'റാപ്പിഡോയിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ മാസ്‌ക് ചെയ്യാറുണ്ട്. ഞങ്ങൾ ഇതിൽ കൂടുതൽ അന്വേഷണം നടത്തട്ടെ. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം. ദയവായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും യാത്രയുടെ വിശദാംശങ്ങളും ഡിഎം വഴി പങ്കുവെക്കുക. പരിശോധിച്ചശേഷം കൂടുതൽ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നു.'-റാപ്പിഡോ വ്യക്തമാക്കി.
Content Highlights: Shaivya Vashishtha alleges harassment during a 2025 Rapido ride from Delhi to Greater Noida., Claims include inappropriate music, intrusive personal questions, and persistent calls from multiple numbers.