'നിങ്ങളുടെ മനസ് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെടുന്ന ഒരു സമയമുണ്ടാകും'-കുറിപ്പുമായി രണ്‍വീറിന്റെ കാമുകി

രണ്‍വീര്‍ അല്ലാബാദിയ/ നിക്കി ശര്‍മ | Photo: instagram/ ranveer/ nikki
രണ്‍വീര്‍ അല്ലാബാദിയ/ നിക്കി ശര്‍മ | Photo: instagram/ ranveer/ nikki

യൂട്യൂബ് ഷോ ആയ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് യുട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയ. ദേശീയ വനിതാ കമ്മീഷന് മുമ്പില്‍ തിങ്കളാഴ്ച ഹാജരാകാന്‍ രണ്‍വീറിനോടും ഷോയിലെ മറ്റ് പാനലിസ്റ്റിനോടും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഒളിവില്‍പോയ രണ്‍വീര്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമത്തിലാണ്. ഷോയിലെ പരാമര്‍ശത്തിനെതിരെ മാപ്പ് അപേക്ഷിച്ച് രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ രണ്‍വീറിന്റെ കാമുകിയായ നിക്കി ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ചര്‍ച്ചയാകുകയാണ്. 'നിങ്ങളുടെ മനസ് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെടുന്ന ഒരു സമയമുണ്ടാകും. അത്തരത്തില്‍ ഒരിക്കല്‍ മനസ് നഷ്ടപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ക്കൊപ്പം ആത്മാവ് മാത്രമേ അവശേഷിക്കൂ. നിങ്ങളെ ആര്‍ക്കും കീഴടക്കാനാവില്ല എന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്.'-നിക്കി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു. 

നേരത്തെ കാമുകി നിക്കി ശര്‍മ രണ്‍വീറുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഇതോടെയാണ് വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്. എന്നാല്‍ ഇവര്‍ വീണ്ടും ഫോളോ ചെയ്തതോടെ ഈ വാര്‍ത്തകള്‍ അവസാനിച്ചു. നിലവില്‍ രണ്‍വീറിന്റെ ബിയര്‍ ബൈസെപ്‌സ്, രണ്‍വീര്‍ അല്ലാബാദിയ എന്നീ അക്കൗണ്ടുകള്‍ നിക്കി ഫോളോ ചെയ്യുന്നുണ്ട്. 

വിവാദങ്ങളുണ്ടാകുന്നതിന് മുമ്പ് നിക്കിയും രണ്‍വീറും നിക്കിയും ഒരേ സ്ഥലങ്ങളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും ഒരുപോലെയുള്ള ടാറ്റൂവിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ രണ്‍വീറും നിക്കിയും ഈ ബന്ധത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. 

ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡാണ് വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് രണ്‍വീറിനും ഷോയിലെ മറ്റ് വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും നേരിടേണ്ടിവന്നത്.

ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.

ഇതിനിടെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' ഷോയുടെ വിവാദ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്യുകയും ചെയ്തു. എപ്പിസോഡിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും സര്‍ക്കാര്‍ ഇടപെടലിനും നിയമപരമായ പരാതികള്‍ക്കും കാരണമാകുകയും ചെയ്തതോടെയാണ് യൂട്യൂബിന്റെ നീക്കം. വീഡിയോ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല. രണ്‍വീറിനൊപ്പം പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന, സോഷ്യല്‍ മീഡിയ ഇന്റഫഌവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 


 

Content Highlights: ranveer allahbadias rumoured girlfriend shares cryptic post