മകളെ നായികയാക്കിയാൽ ചിത്രം വൻ നഷ്ടത്തിലാകുമെന്ന് പറഞ്ഞ അമ്മ; റാണിയുടെ അമ്മ കൃഷ്ണ മുഖർജിയുടെ ഓർമകളിൽ ബോളിവുഡ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
Rani Mukerji,Krishna Mukherjee|Photo:instagram.com/iamranimukerjiofficial/,instagram.com/krishna.mukerji.39/
Rani Mukerji,Krishna Mukherjee|Photo:instagram.com/iamranimukerjiofficial/,instagram.com/krishna.mukerji.39/

ന്ത്യൻ സിനിമയിലെ പ്രതിഭാധനരായ നടിമാരിൽ ഒരാളാണ് റാണി മുഖർജി. എന്നാൽ ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച റാണിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ലെന്ന് നടിയുടെ അമ്മ കൃഷ്ണ മുഖർജി തന്നെ വിശ്വസിച്ചിരുന്നു. റാണിയുടെ കന്നി ചിത്രത്തിന്റെ സ്‌ക്രീൻ ടെസ്റ്റ് കണ്ട അമ്മ കൃഷ്ണ മുഖർജി, ഈ പെൺകുട്ടിയെ വെച്ച് സിനിമ ചെയ്താൽ നിർമാതാവ് നഷ്ടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകിയ ആ പഴയ കഥ റാണി മുഖർജിയാണ് വെളിപ്പെടുത്തിയത്. റാണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയുമായിരുന്ന കൃഷ്ണ മുഖർജിയുടെ വേർപാടിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണ മുഖർജിയെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും ചർച്ചയാകുന്നത്. എഴുപത്തിയഞ്ച് വയസ്സുകാരിയായ കൃഷ്ണ മുഖർജി ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണപ്പെട്ടത്. സിനിമയിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് പിന്നിൽ അമ്മ നൽകിയ കടുത്ത നിലപാടുകളും കൃത്യമായ നിർദേശങ്ങളുമായിരുന്നു എന്ന് റാണി പലപ്പോഴും നന്ദിയോടെ സ്മരിച്ചിട്ടുണ്ട്.

നിങ്ങളുടെ പണം പോകും

1996-ൽ പുറത്തിറങ്ങിയ 'രാജാ കി ആയേഗി ബാരാത് എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. മകൾ അഭിനയരംഗത്തേക്ക് വരുന്നതിനെ തുടക്കത്തിൽ പ്രോത്സാഹിപ്പിച്ചത് അമ്മ കൃഷ്ണ മുഖർജിയായിരുന്നു . എന്നാൽ, ആദ്യത്തെ സ്‌ക്രീൻ ടെസ്റ്റ് കണ്ടതോടെ അമ്മയുടെ അഭിപ്രായം പാടേ മാറുകയാണുണ്ടായത്.

റാണി നൽകിയ ഒരു അഭിമുഖത്തിൽ ആ നിമിഷം ഓർത്തെടുത്തത് ഇങ്ങനെയാണ്: 'എന്റെ ആദ്യ സ്‌ക്രീൻ ടെസ്റ്റ് കണ്ടപ്പോൾ അമ്മയ്ക്ക് എന്നെ തീരെ ഇഷ്ടപ്പെട്ടില്ല. ഞാൻ അത്ര മോശമായാണ് അഭിനയിച്ചതെന്ന് അമ്മയ്ക്ക് തോന്നി. ഉടൻ തന്നെ അമ്മ നിർമാതാവായ സലീം അക്തറിനെ വിളിച്ചു പറഞ്ഞു: 'എന്റെ മകളെ ഈ ചിത്രത്തിൽ എടുത്താൽ നിങ്ങളുടെ സിനിമ തകർന്നുപോകും, വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. അതുകൊണ്ട് ദയവുചെയ്ത് ഇവളെ നായികയാക്കരുത്'. നിർമാതാവ് എന്നെ നായികയായി എടുത്താൻ വളരെ ആഗ്രഹിച്ചിരുന്നെങ്കിലും, ഞാൻ ചെയ്യുന്നത് നന്നായില്ലെന്ന് അമ്മ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, അമ്മയുടെ ആ കടുത്ത നിരീക്ഷണത്തെയും സംശയങ്ങളെയും മറികടന്ന് സലീം അക്തർ റാണിയെ തന്നെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു.

അമ്മയുടെ ആദ്യ വിമർശനങ്ങളെ അന്വർത്ഥമാക്കാതെ, പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ജനപ്രിയ നായികയായി റാണി മുഖർജി മാറുകയാണുണ്ടായത്. രാജാ കി ആയേഗി ബാരാത് എന്ന ആദ്യ ചിത്രത്തിന് ശേഷം ആമിർ ഖാനൊപ്പം ഗുലാം എന്ന ചിത്രത്തിൽ അഭിനയിച്ച് താരം ശ്രദ്ധ നേടി. തുടർന്ന് ഷാരൂഖ് ഖാൻ, കാജോൾ എന്നിവർക്കൊപ്പം കരൺ ജോഹറിന്റെ കന്നി ചിത്രമായ കുച്ച് കുച്ച് ഹോതാ ഹേ പുറത്തിറങ്ങിയതോടെ ബോളിവുഡിൽ റാണിയുടെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. എക്കാലത്തെയും വലിയ ബോക്‌സോഫീസ് വിജയങ്ങളിലൊന്നായി മാറിയ ഈ ചിത്രം റാണിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറുകയായിരുന്നു. തുടർന്ന് സാഥിയ, ഹം തും, ബ്ലാക്ക്, മർദാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും കരുത്തുറ്റ നടിയായി റാണി സ്വയം അടയാളപ്പെടുത്തി.

പാട്ടിന്റെ വഴി

ബംഗാളി ചലച്ചിത്ര മേഖലയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു കൃഷ്ണ മുഖർജി . മികച്ചൊരു പിന്നണി ഗായികയായിരുന്ന അവർ 1982-ൽ പുറത്തിറങ്ങിയ 'തീസ്രി ആംഖ്' എന്ന ചിത്രത്തിലെ 'ഈദ് കേ ദിൻ ഗലേ മിൽ ലേ രാജാ' എന്ന പ്രശസ്തമായ ഗാനത്തിലൂടെ ശ്രദ്ധേയയായിരുന്നു. സിനിമയുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും അഭിനയത്തിന്റെ സൂക്ഷ്മതകളെക്കുറിച്ചും അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മകളുടെ ആദ്യ സ്‌ക്രീൻ ടെസ്റ്റിൽ കാണിച്ച പോരായ്മകൾ കൃഷ്ണ മുഖർജി മടിയില്ലാതെ ചൂണ്ടിക്കാണിച്ചതും.

അച്ഛന്റെ വിയോജിപ്പ്

അമ്മ കൃഷ്ണ മുഖർജി മകളെ അഭിനയരംഗത്തേക്ക് കൊണ്ടുവരാൻ താല്പര്യം കാണിച്ചപ്പോൾ, റാണിയുടെ പിതാവും സംവിധായകനുമായിരുന്ന റാം മുഖർജി ഇതിന് തികച്ചും എതിരായിരുന്നു. അക്കാലത്ത് ചലച്ചിത്ര കുടുംബങ്ങളിലെ പെൺകുട്ടികൾ അഭിനയരംഗത്തേക്ക് വരുന്നത് അത്ര സാധാരണമായ ഒന്നായിരുന്നില്ലെന്ന് റാണി വ്യക്തമാക്കിയിട്ടുണ്ട്. 'ഇന്നത്തെക്കാലത്ത് സിനിമാക്കാരുടെ മക്കൾ മാതാപിതാക്കളുടെ വഴി പിന്തുടരുന്നത് പോലെയായിരുന്നില്ല അന്ന്. അക്കാലത്ത് പെൺകുട്ടികൾ സിനിമയിലേക്ക് വരുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല ഒരു കരിയർ എന്ന നിലയിൽ ചലച്ചിത്രരംഗം അത്ര സുരക്ഷിതമാണെന്ന് അച്ഛൻ കരുതിയിരുന്നില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് പറയുന്നതുപോലും വലിയ അഭിമാനത്തോടെയായിരുന്നില്ല അന്ന് നോക്കിക്കണ്ടിരുന്നതെന്നെന്നും റാണി മുൻപ് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് കൃഷ്ണ മുഖർജി അന്തരിച്ചപ്പോൾ ബോളിവുഡ് സിനിമാ ലോകം ഒന്നാകെ റാണിയുടെ ദുഃഖത്തിൽ പങ്കുചേർന്നു 'ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ കൃഷ്ണ മുഖർജി (75) ഇന്ന് ഉച്ചയ്ക്ക് അന്തരിച്ച വിവരം ദു:ഖത്തോടെ പങ്കുവെക്കുന്നു. ഈ സങ്കടകരമായ ഘട്ടത്തിൽ എല്ലാവരുടെയും സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,' എന്നായിരുന്നു കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

Content Highlights: Krishna Mukerji, Rani Mukerji's mother and playback singer, passed away at age 75., Krishna initially warned producer Salim Akhtar that Rani's screen test was poor and would cause financial loss., Despite her mother's initial criticism and father's opposition, Rani went on to become one of Bollywood's top leading ladies.