‘ഇതെന്റെ കുഞ്ഞല്ല’; ജനിച്ച ഉടൻ ആശുപത്രിയിൽ വച്ച് തന്നെ മാറിപ്പോയ അനുഭവം പങ്കുവച്ച് റാണി മുഖർജി

റാണി മുഖര്‍ജി | File Photo - PTI
റാണി മുഖര്‍ജി | File Photo - PTI

ഇരിക്കുന്ന ഞാൻ ഇല്ലേ..അത് ഞാനല്ല എന്നുപറഞ്ഞ് ആശുപത്രിയിൽവച്ച് കുഞ്ഞിനെ മാറിപ്പോയ സ്വന്തം അമ്മയുടെ കഥ പറഞ്ഞ് കരയുന്ന സലിംകുമാറിനെ ഓർമയില്ലേ. നമ്മളിൽ പലർക്കും നവജാതശിശുക്കളെ ആശുപത്രിയിൽ വച്ച് പരസ്പരം മാറിപ്പോകുന്നതുപോലുള്ള ഇത്തരം സംഭവങ്ങൾ സിനിമകളിൽ കണ്ടാണ് പരിചയം. എന്നാൽ യഥാർഥത്തിൽ അങ്ങനെ കുഞ്ഞിനെ മാറിപ്പോയ ഒരു അനുഭവം നടി റാണി മുഖർജി പങ്കുവച്ചിരുന്നു. മാറിപ്പോയത് റാണി മുഖർജിയെത്തന്നെയായിരുന്നു.

സംവിധായകനും നിർമ്മാതാവുമായ റാം മുഖർജിയുടെയും ഭാര്യ കൃഷ്ണ മുഖർജിയുടെയും മകളായി 1978 മാർച്ച് 21-നാണ് റാണി മുഖർജി ജനിച്ചത്. ആശുപത്രിയിൽ വച്ച് റാണിയെ ഒരു പഞ്ചാബി കുഞ്ഞുമായി മാറിപ്പോയത്രേ. ആ പെൺകുഞ്ഞിന്റെ കണ്ണുകളിലെ നിറവ്യത്യാസം കണ്ടാണ് കുഞ്ഞ് മാറിപ്പോയത് റാണിയുടെ അമ്മ മനസ്സിലാക്കിയത്. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം റാണി പങ്കുവയ്ക്കുന്നത്.'ആശുപത്രിയിൽവച്ച് പഞ്ചാബി ദമ്പതികളുടെ കുഞ്ഞുമായി എന്നെ മാറിപ്പോയി എന്നുള്ളത് ഇപ്പോഴോർക്കുമ്പോൾ രസകരമായ ഒരു കഥയാണ്. കുഞ്ഞിന്റെ കണ്ണുകണ്ടാണ് അമ്മയ്ക്ക് സംശയം തോന്നിയത്. ഇത് എന്റെ കുഞ്ഞല്ല, ഈ കുഞ്ഞിന്റെ കണ്ണിന് തവിട്ടുനിറമല്ല. എന്റെ മകൾക്ക് തവിട്ട് നിറമുള്ള കണ്ണുകളാണ.് അമ്മ പറഞ്ഞു.'

പിന്നീട് അമ്മ നടത്തിയ അന്വേഷണത്തിൽ പഞ്ചാബി കുടുംബത്തിന്റെ മുറിയിൽനിന്ന് റാണിയെ കണ്ടെത്തുകയായിരുന്നു. 'നീ പഞ്ചാബിയാണ്, അബദ്ധത്തിൽ ഈ കുടുംബത്തിൽ എത്തിച്ചേർന്നതാണെ'ന്ന് പറഞ്ഞ് ഇപ്പോഴും അമ്മ തമാശ പറയാറുണ്ടെന്നും റാണി കൂട്ടിച്ചേർത്തു. നവജാതശിശുക്കളെ ഒരുമിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയി ടാഗ് ധരിപ്പിക്കുന്നതിനിടയിലാണ് കുഞ്ഞിനെ മാറിപ്പോയത്.'കുട്ടികൾ ജനിക്കുമ്പോൾ അവരുടെ കയ്യിൽ ധരിക്കാനായി ടാഗുകൾ നൽകുമല്ലോ, നഴ്‌സ് എന്നെയും കൊണ്ടുപോയി ടാഗുമായി തിരിച്ചുവന്നു. അമ്മ അമ്മാവന്മാരോട് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് നഴ്‌സ് കുഞ്ഞിനെ കൈമാറുന്നത്. കുട്ടിയെ കണ്ടപാടെ എന്റെ കുഞ്ഞിന്റെ കണ്ണിന്റെ നിറമിതല്ലെന്നും ഇതെന്റെ കുഞ്ഞല്ലെന്നും അമ്മ പറഞ്ഞു. കുഞ്ഞിനെ കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു.' സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ റാണി പറയുന്നു.

ഒരു പഞ്ചാബിയെ ആയിരിക്കും താൻ വിവാഹം ചെയ്യുകയെന്നും റാണി പ്രവചിച്ചിരുന്നു. 2014ൽ ആദിത്യ ചോപ്രയെ വിവാഹം ചെയ്തതോടെ ആ പ്രവചനം സത്യമായി. ഇറ്റലിയിൽവച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇതുവരെയും ഇരുവരും പുറത്തുവിട്ടിട്ടില്ല. 2015ലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്. ആദിറ എന്നാണ് കുട്ടിയുടെ പേര്.

Content Highlights: Rani Mukerji reveals she was accidentally swapped with a Punjabi baby at birth in 1978., Her mother, Krishna Mukerji, identified the wrong baby due to a difference in eye color., The mix-up occurred during the hospital's tag-identification process for newborns., Rani Mukerji jokingly notes she was destined to marry a Punjabi, which happened with Aditya Chopra in 2014.