'വിവാഹത്തിന് 100 പേരെ വിളിച്ചാല്‍ മതിയെന്ന് കരീന, കപൂര്‍ കുടുംബത്തില്‍തന്നെ 350 പേരുണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞു'

രൺധീര്‍ കപൂറും കരീനാ കപൂറും | Photo: AFP/ PTI
രൺധീര്‍ കപൂറും കരീനാ കപൂറും | Photo: AFP/ PTI

ആയിരക്കണക്കിന് അതിഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാഹങ്ങള്‍ ഇന്ത്യയില്‍ സാധാരണമാണ്. അതില്‍ അത്ര അതിശയിക്കാനൊന്നുമില്ല. ആര്‍ഭാടപൂര്‍വ്വും വിവാഹം നടത്തുമ്പോള്‍ അതിഥികളുടെ പട്ടിക ചുരുക്കാന്‍ രക്ഷിതാക്കളോട് പറയുന്നത് ചിലപ്പോള്‍ വരനോ വധുവിനോ ആലോചിക്കാന്‍കൂടി പറ്റില്ല.

ബോളിവുഡ് താരം കരീനാ കപൂറിന്റെ വിവാഹവും അതുപോലെയാണ് നടന്നത്. എന്നാല്‍ നൂറ് പേരെ മാത്രം ഉള്‍പ്പെടുത്തിയുള്ള വിവാഹം മതിയെന്ന് കരീന അച്ഛന്‍ രണ്‍ധീര്‍ കപൂറിനോട് പറഞ്ഞിരുന്നു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യിലാണ് രണ്‍ധീര്‍ ഈ രഹസ്യം വെളിപ്പെടുത്തിയത്. സെയ്ഫ് അലി ഖാനുമായി ലളിതമായൊരു വിവാഹം വേണമെന്നാണ് തന്റെ മകള്‍ ആഗ്രഹിച്ചിരുന്നതെന്നും രണ്‍ധീര്‍ പറയുന്നു.

'കരീനയ്ക്ക് വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞപ്പോള്‍ നമുക്കൊരു ഗംഭീരമായ ആഘോഷം നടത്താമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. അവള്‍ സമ്മതിച്ചില്ല. വെറും 100 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു, കപൂര്‍ കുടുംബത്തില്‍ മാത്രം 350 പേരുണ്ട്. പിന്നെങ്ങനെ നമ്മള്‍ വെറും 100 പേരെ മാത്രം ക്ഷണിക്കും?'' അദ്ദേഹം ഓര്‍ത്തെടുത്തു.

'നിങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ ക്ഷണിക്കണമെന്നുണ്ടെങ്കില്‍, അവരെ നിങ്ങളുടെ സ്വന്തം കല്യാണത്തിന് ക്ഷണിക്കാം' എന്നാണ് കരീന ഇതിന് തമാശരൂപേണ മറുപടി നല്‍കിയതെന്നും രണ്‍ധീര്‍ പറയുന്നു.