സ്വന്തം കൈയക്ഷരത്തില്‍ കാര്‍ഡ്, ഒപ്പം 43 ഉമ്മകളും; പിറന്നാളിന് രണ്‍ബീര്‍ കപൂറിന് ഗംഭീര സര്‍പ്രൈസുമായി മകള്‍ റാഹ

#Lifestyle Desk
രൺബീർ കപൂറും മകൾ റാഹയും, റാഹ സ്വന്തം കൈപ്പടയിൽ രൺബീറിനെഴുതിയ പിറന്നാളാശംസ | Photos: PTI, instagram
രൺബീർ കപൂറും മകൾ റാഹയും, റാഹ സ്വന്തം കൈപ്പടയിൽ രൺബീറിനെഴുതിയ പിറന്നാളാശംസ | Photos: PTI, instagram

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ പിറന്നാളാണ് ഞായറാഴ്ച. സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. അക്കൂട്ടത്തിലെ ഏറ്റവും സ്‌പെഷ്യലായ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രണ്‍ബീറിന്റെയും ആലിയാ ഭട്ടിന്റേയും മകള്‍ റാഹയാണ് തന്റെ പിതാവിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസൊരുക്കിയത്.

സ്വന്തം കൈപ്പടയില്‍ പിറന്നാളാശംസകളെഴുതിയ കാര്‍ഡ് നല്‍കിയാണ് റാഹ രണ്‍ബീറിനെ ഞെട്ടിച്ചിരിക്കുന്നത്. 'ലോകത്തെ ഏറ്റവും മികച്ച അച്ഛന് പിറന്നാളാശംസകള്‍' എന്ന് ഇംഗ്ലീഷിലാണ് റാഹ കാര്‍ഡില്‍ എഴുതിയത്. ഒപ്പം രണ്ട് ഹൃദയചിഹ്നങ്ങളും വരച്ചിരുന്നു. ആലിയയാണ് കുഞ്ഞുറാഹയുടെ ആശംസാ കാര്‍ഡ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് മകള്‍ നല്‍കിയ 'സമ്മാന'ത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞത്. 43 ഉമ്മകളാണ് പിറന്നാള്‍ സമ്മാനമായി റാഹ തന്നതെന്ന് രണ്‍ബീര്‍ പറഞ്ഞു. രണ്‍ബീറിന്റെ 43-ാം പിറന്നാളാണ് ഞായറാഴ്ച. '43 ഉമ്മകള്‍ തരും എന്ന് റാഹ എനിക്ക് വാക്കുതന്നിരുന്നു. അതെനിക്ക് കിട്ടി' -ഇതാണ് രണ്‍ബീര്‍ ലൈവില്‍ പറഞ്ഞത്.

'ലോക' ഇഷ്ടപ്പെട്ടെന്ന് രണ്‍ബീര്‍

മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം ലോക തനിക്ക് ഇഷ്ടപ്പെട്ടുവെന്നും രണ്‍ബീര്‍ ലൈവില്‍ പറഞ്ഞു. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ലോകയെ നേരത്തേ ആലിയാ ഭട്ടും പുകഴ്ത്തിയിരുന്നു. 100 കോടി നേട്ടവും കടന്ന് തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ലോക.

Content Highlights: Daughter Raha surprises Ranbir Kapoor by giving hand written card and 43 kisses on his birthday