മിസ് ഇന്ത്യയായി രാജസ്ഥാന്‍ സുന്ദരി നന്ദിനി ഗുപ്ത

ഫെമിന മിസ് ഇന്ത്യ 2023 കിരീടം ചൂടിയ നന്ദിനി ഗുപ്ത (മധ്യത്തില്‍), രണ്ടാം സ്ഥാനത്തെത്തിയ ശ്രേയ പൂഞ്ച (വലത്ത്), മൂന്നാമതെത്തിയ തൗനോജം (ഇടത്ത്) | Photo: PTI
ഫെമിന മിസ് ഇന്ത്യ 2023 കിരീടം ചൂടിയ നന്ദിനി ഗുപ്ത (മധ്യത്തില്‍), രണ്ടാം സ്ഥാനത്തെത്തിയ ശ്രേയ പൂഞ്ച (വലത്ത്), മൂന്നാമതെത്തിയ തൗനോജം (ഇടത്ത്) | Photo: PTI

ഫെമിന മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്ത. ഡല്‍ഹിയുടെ ശ്രേയ പൂഞ്ച രണ്ടാം സ്ഥാനത്തും മണിപ്പൂരില്‍ നിന്നുള്ള തൗനോജം സ്‌ത്രെല ലുവാങ് മൂന്നാമതുമെത്തി. 

19-കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മിസ് ഇന്ത്യയായ സിനി ഷെട്ടി നന്ദിനിയെ കിരീടം അണിയിച്ചു. ഈ വര്‍ഷം നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ആയിരിക്കും. 

30 മത്സരാര്‍ഥികളാണ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത്. മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു സൗന്ദര്യ മത്സരം അരങ്ങേറിയത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ ഫിനാലെ കാണാനെത്തി. 

2002-ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് താരം ലെയ്ഷറാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, ഫാഷന്‍ ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
 

Content Highlights: rajasthans nandini gupta femina miss india 2023