വിവാഹമോചനം നേടാതെ രണ്ടാംവിവാഹം; ഐ.പി.എസ്. ഓഫീസറെ തരംതാഴ്ത്തി, സംഭവം രാജസ്ഥാനില്‍

ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടാതെ രണ്ടാംവിവാഹം കഴിച്ചതിനും അതേത്തുടര്‍ന്നുള്ള നിയമവ്യവഹാരങ്ങള്‍ക്കും പിന്നാലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെ മൂന്നുകൊല്ലത്തേക്ക് തരംതാഴ്ത്തി. രാജസ്ഥാനിലാണ് സംഭവം. 2009 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ.പി.എസ്. ഓഫീസര്‍ പങ്കജ് കുമാര്‍ ചൗധരിക്കെതിരെയാണ് നടപടി.
ലെവല്‍ 11 സീനിയര്‍ പേ സ്‌കെയിലില്‍നിന്ന് ലെവല്‍ 10 ജൂനിയര്‍ പേ സ്‌കെയിലിലേക്കാണ് പങ്കജിനെ താഴ്ത്തിയത്. ഇതോടെ പുതുതായി സര്‍വീസിലെത്തുന്ന ഐ.പി.എസ്. ഓഫീസറുടെ നിലയിലേക്ക് പങ്കജ് എത്തും.
ഇതാദ്യമായാണ് രാജസ്ഥാനില്‍ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനെ തരംതാഴ്ത്തുന്നത്. ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടാതെയാണ് കുറച്ചുകൊല്ലം മുന്‍പ് പങ്കജ് രണ്ടാമത്തെ വിവാഹം കഴിച്ചത്. ഏകേശം നാലുകൊല്ലം മുന്‍പ് വിഷയം രാജസ്ഥാന്‍ ഹൈക്കോടതിയിലും പിന്നാലെ സുപ്രീം കോടതിയിലുമെത്തി. പങ്കജിന് അനുകൂലമായ വിധിയായിരുന്നു വന്നത്.
കേസില്‍ 2020-ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (ന്യൂഡല്‍ഹി)നിന്നും 2021-ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്നും അതേവര്‍ഷം സുപ്രീം കോടതിയില്‍നിന്നും തനിക്ക് അനുകൂലവിധിയാണ് വന്നതെന്ന് പങ്കജ് പറയുന്നു. അതേസമയം, തരംതാഴ്ത്തല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഉന്നതവൃത്തങ്ങള്‍ തയ്യാറായിട്ടില്ലെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ജയ്പുരില്‍ കമ്യൂണിറ്റി പോലീസിങ് എസ്.പി. ആയിരുന്ന പങ്കജ്, തരംതാഴ്ത്തലിന് പിന്നാലെ എസ്.പി. (ലെവല്‍ 10) ആയി മാറും.
Content Highlights: rajastan ips officer demoted over second marriage without divorcing first wife