ആത്മീയ നേതാവിന് വൃക്ക വാഗ്ദാനം ചെയ്ത് രാജ് കുന്ദ്ര, അമ്പരന്ന് ശില്‍പ; ചര്‍ച്ചയായി വീഡിയോ

ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും/  പ്രേമാനന്ദ് മഹാരാജ് | Photo: instagram/ shilpa shetty/ premanand maharaj
ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും/ പ്രേമാനന്ദ് മഹാരാജ് | Photo: instagram/ shilpa shetty/ premanand maharaj

ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന് തന്റെ വൃക്ക വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. അടുത്തിടെ മഥുരയിലെത്തി പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിച്ചപ്പോഴാണ് രാജ് കുന്ദ്ര ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 

വീഡിയോയില്‍, തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ഈ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും പ്രേമാനന്ദ് മഹാരാജ് പറയുമ്പോള്‍ ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും ശ്രദ്ധയോടെ കേള്‍ക്കുന്നത് കാണാം. ഈ വെളിപ്പെടുത്തലില്‍ മനമലിഞ്ഞ കുന്ദ്ര തന്റെ വൃക്ക നല്‍കാമെന്ന് പറയുന്നു. 'കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ അങ്ങയെ പിന്തുടരുന്നു. എനിക്ക് ചോദ്യങ്ങളൊന്നുമില്ല. കാരണം എന്റെ സംശയങ്ങള്‍ക്കും ഭയങ്ങള്‍ക്കും അങ്ങയുടെ വീഡിയോകള്‍ എപ്പോഴും ഉത്തരം നല്‍കാറുണ്ട്. അങ്ങ് ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്. അങ്ങയുടെ ആരോഗ്യനിലയെക്കുറിച്ച് എനിക്കറിയാം. സഹായിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍, എന്റെ വൃക്കകളിലൊന്ന് അങ്ങേയ്ക്ക് നല്‍കാം.'-കുന്ദ്ര പറയുന്നു. ഇത് കേട്ട് ശില്‍പ അമ്പരയ്ക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ പ്രേമാനന്ദ് മഹാരാജ് ഈ വാഗ്ദാനം നിരസിച്ചു. 'നിങ്ങള്‍ സന്തോഷമായി ഇരുന്നാല്‍ മാത്രം മതി എനിക്ക്. സമയം വരുന്നത് വരെ, ഒരു വൃക്കയുടെ പേരില്‍ നമ്മള്‍ ഈ ലോകം വിട്ടുപോകില്ല. പക്ഷെ, നിങ്ങളുടെ നല്ല മനസ്സിനെ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിക്കുന്നു.'-പ്രേമാനന്ദ് മഹാരാജ് വ്യക്തമാക്കി.

60 കോടി രൂപയുടെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ശില്‍പയും രാജ് കുന്ദ്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സമയത്താണ് ഈ സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2015-നും 2023-നും ഇടയില്‍ വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് 60 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് അവര്‍ക്കെതിരെയുള്ള ആരോപണം. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള 'ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ്' ഇടപാടിലൂടെ 60 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ദീപകിന്റെ പരാതി. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍, നീലച്ചിത്ര നിര്‍മാണം തുടങ്ങിയ കേസുകളിലും രാജ് കുന്ദ്ര അറസ്റ്റിലായിട്ടുണ്ട്. 

Content Highlights: raj kundras kidney offer to guru stuns shilpa shetty