'8 കൊല്ലം എന്നെ പൊന്നുപോലെ നോക്കിയ വ്യക്തിയാണ് ചിന്നു, പിറന്നാളിന് അവള്‍ക്കൊരു സമ്മാനം കൊടുക്കണം'

ശ്രീവിദ്യ മുല്ലച്ചേരിയും രാഹുല്‍ രാമചന്ദ്രനും|  Photo: instagram/ sreevidya mullachery
ശ്രീവിദ്യ മുല്ലച്ചേരിയും രാഹുല്‍ രാമചന്ദ്രനും| Photo: instagram/ sreevidya mullachery

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റേയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴിതാ പ്രണയകാലത്തെ കുറിച്ചും വിവാഹത്തിനുശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് രാഹുല്‍.

ഒരു കാലത്ത് തനിക്ക് കൃത്യമായ വരുമാനമില്ലായിരുന്നുവെന്നും അന്ന് തന്നെ പൊന്നുപോലെ നോക്കിയ വ്യക്തിയാണ് ശ്രീവിദ്യയെന്നും രാഹുല്‍ പറയുന്നു. ഭാര്യയുടെ ചെലവിലാണ് ജീവിച്ചിരുന്നത് എന്ന് പറയാന്‍ തനിക്കൊരു മടിയുമില്ലെന്നും സന്തോഷമേയുള്ളൂവെന്നും രാഹുല്‍ വ്യക്തമാക്കുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

'കഴിഞ്ഞ എട്ട് കൊല്ലമായി എന്നെ പൊന്നു പോലെ നോക്കുന്ന വ്യക്തിയാണ് ചിന്നു. ഒരു കുറവും വരാതെയാണ് നോക്കിയത്. ആറ് വര്‍ഷമായി സിനിമ ചെയ്യാതിരിക്കുന്ന ഒരു സംവിധായകന് ഉണ്ടാകുന്ന എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും എനിക്കുമുണ്ടായിരുന്നു. ആ സമയത്തെല്ലാം എന്നെ നോക്കിയത് ചിന്നുവാണ്. ഇപ്പോഴാണ് എനിക്ക് അവളെ അതുപോലെ തിരിച്ചുനോക്കാന്‍ പറ്റുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ വ്‌ളോഗുകള്‍ ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ബ്രാന്‍ഡ് കൊളാബില്‍ നിന്ന് ലഭിച്ച പണം കൊണ്ട് അടുത്തിടെയാണ് അവള്‍ക്കൊരു സമ്മാനം വാങ്ങിക്കൊടുത്തത്. കൂറേ നാളുകള്‍ക്കുശേഷമാണ് അവള്‍ക്കൊരു സമ്മാനം കൊടുക്കാന്‍ പറ്റുന്നത്. അവളുടെ ജന്മദിനം അടുക്കുമ്പോള്‍ അവള്‍തന്നെ എന്റെ അക്കൗണ്ടിലേക്ക് പതിനായിരം ഒക്കെ അയക്കും. അമ്മയുടെ കയ്യില്‍നിന്ന് കൂടി ചെറിയ ഷെയര്‍ വാങ്ങി ഞാന്‍ ഗിഫ്റ്റ് വാങ്ങിക്കൊടുക്കുമായിരുന്നു. അടുത്ത പിറന്നാള്‍ മുതല്‍ എനിക്ക് സ്വന്തമായി അവള്‍ക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത് എന്ന് പറയാന്‍ എനിക്ക് മടിയൊന്നുമില്ല. സ്വന്തം ഭാര്യയുടെ ചെലവിലല്ലേ ജീവിക്കുന്നത്. അതില്‍ എനിക്ക് സന്തോഷമേയുള്ളൂ. നാളെ ഒരു ദിവസം എന്നെ അവള്‍ നോക്കുന്നതിനേക്കാള്‍ പത്തിരട്ടി നന്നായി തിരിച്ചു അവളെ നോക്കാന്‍ പറ്റും എന്ന വിശ്വാസം എനിക്കുണ്ട്. ആ വിശ്വാസത്തിലാണ് ഓരോ ദിവസവും കഴിയുന്നത്. അല്ലാതെ എല്ലാ ഉത്തരവാദിത്വവും ഭാര്യയുടെ മേലില്‍ വെച്ചുകൊടുത്ത് മാറി നില്‍ക്കുന്ന പരിപാടിയല്ല. അതിലൊരു തെറ്റുമില്ല. 

കഴിഞ്ഞ മാസം വരെ ഞാന്‍ അവളുടെ ചെലവിലാണ് ജീവിച്ചത്. അവള്‍ക്ക് അതില്‍ ചെറിയ പ്രശ്‌നമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാന്‍ നേരം അവളുടെ ഫോണ്‍ എന്റെ കൈയില്‍ തരും. അതല്ലെങ്കില്‍ കൈ കഴുകാന്‍ പോകുമ്പോള്‍ ഫോണ്‍ എന്റെ പോക്കറ്റില്‍ വെച്ചുപോകും. അവള്‍ കണക്കോ കാര്യങ്ങളോ ഒന്നും സൂക്ഷിക്കാറില്ല. എല്ലാം ഞാനാണ് നോക്കുന്നത്. അക്കൗണ്ട് ഡീറ്റെയ്ല്‍സെല്ലാം നോക്കുന്നത് അവള്‍ക്ക് ഭയങ്കര മടിയുള്ള കാര്യമാണ്. അതുകൊണ്ട് ഞാന്‍ നോക്കുന്നു.'-രാഹുല്‍ അഭിമുഖത്തില്‍ പറയുന്നു. 

വിവാഹം കഴിഞ്ഞ് തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും രാഹുല്‍ പറയുന്നു. ഫ്‌ളാറ്റിന്റെ വാടക പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. വളരേയധികം വിഷമിച്ച് നിന്നിട്ടുണ്ട്. ഇന്ന് അതെല്ലാം തരണം ചെയ്തുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് സ്വദേശിയായ ശ്രീവിദ്യ ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മിനി സ്‌ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ ജീം ബൂ ബാ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. അസ്‌കര്‍ അലി, അനീഷ് ഗോപാല്‍, അഞ്ജു കുര്യന്‍ തുടങ്ങിയവാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. 

Content Highlights: rahul ramachandran talks about wife sreevidya mullachery