'വേദനകളിലൂടെ കടന്നുപോയിട്ടും നീ തളർന്നില്ല, ഒരു പിതാവെന്ന നിലയിൽ അതെല്ലാം കണ്ടു'

റുഷ്ദ/ മകള്‍ റുഷ്ദയോടൊപ്പം റഹ്‌മാന്‍ | Photo: instagram/ rahman
റുഷ്ദ/ മകള്‍ റുഷ്ദയോടൊപ്പം റഹ്‌മാന്‍ | Photo: instagram/ rahman

മകൾ റുഷ്ദയുടെ മുപ്പതാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ റഹ്‌മാൻ. ഒരു അച്ഛൻ എന്ന നിലയിൽ മകളെ ഓർത്ത് അഭിമാനം മാത്രമേയുള്ളൂവെന്നും ജീവിതത്തിലെ പ്രതിസന്ധികളേയും കഠിനമായ പരീക്ഷണങ്ങളേയും അതിജീവിച്ച് മുന്നേറിയ മകളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നുവെന്നും റഹ്‌മാൻ കുറിച്ചു. മുപ്പതാം വയസ് ഒരു അവസാനമല്ല, മറിച്ച് സന്തോഷങ്ങളിലേക്കുള്ള ഒരു പുതിയ തുടക്കമാണ്. അർഹിക്കാത്ത വേദനകളിലൂടെ കടന്നുപോയപ്പോഴും മുന്നോട്ടു നീങ്ങിയ മകൾ തന്റെ കരുത്താണെന്നും റഹ്‌മാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചെന്നൈയിലെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും റഹ്‌മാൻ പങ്കുവെച്ചു.

'എന്റെ പ്രിയപ്പെട്ട മകൾക്ക്, ഇന്ന് നിനക്ക് 30 വയസ് പൂർത്തിയാകുകയാണ്. ഇത് വെറും പ്രായത്തിന്റെ കണക്ക് മാത്രമല്ല, നിന്റെ ധൈര്യത്തിന്റേയും അതിജീവനത്തിന്റേയും മനോഹരമായ ഒരു നാഴികക്കല്ല് കൂടിയാണ്. നീ ഒരിക്കലും അർഹിക്കാത്ത രീതിയിൽ ജീവിതം നിന്നെ പരീക്ഷിച്ച വർഷങ്ങളിലൂടെയാണ് നീ കടന്നുപോയത്. ഒരു പിതാവ് എന്ന നിലയിൽ ഞാൻ അതെല്ലാം കണ്ടു. കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു. വേദനകളെ തലയുയർത്തിതന്നെ തോളിലേറ്റി. തോറ്റുപോകാതെ മുന്നോട്ട് നടക്കാൻ നീ തീരുമാനിച്ചു. നീ എത്രത്തോളം കരുത്തയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ജീവിതം നിന്നോട് പലപ്പോഴും ദയ കാണിച്ചിട്ടില്ല. പക്ഷേ ആ അനുഭവങ്ങളൊന്നും നിന്റെ ഹൃദയത്തെ കടുപ്പമുള്ളതാക്കിയില്ല. ഒരിക്കലും ആരോടും വിദ്വേഷം കാണിച്ചില്ല. ഇന്ന് നീ എന്ന വ്യക്തിയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. കരുണയുള്ള, ചിന്താശീലയായ, ധൈര്യം കൈവിടാത്ത മനോഹരമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് നീയിപ്പോൾ.

30 എന്നത് ഒരിക്കലും ഒരു അവസാന വാക്കല്ല. സന്തോഷത്തിലേക്കുള്ള ഒരു തുടക്കമാണത്. നിന്നെ തിരിച്ചറിയാനും നിന്നെ മനസിലാക്കാനുമുള്ള പുതിയ അധ്യായമാണത്. നിനക്ക് ആരോടും ഒന്നും തെളിയിക്കാനോ ഒന്നിനെ കുറിച്ചും വിശദീകരിക്കാനും ഇല്ല. നിന്റെ യാത്ര നിന്റേതുമാത്രമാണ്. നീ ഇപ്പോൾ എവിടെയാണോ അവിടെയാണ് നീ ആയിരിക്കേണ്ടതും. നീ ആഴത്തിൽ സ്‌നേഹിക്കപ്പെടുന്നുവെന്നും നീ പരിപൂർണയാണെന്നും എപ്പോഴും ഓർക്കുക. നീ കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളേക്കാളും കരുത്തയാണ് നീയിപ്പോൾ. ജീവിതം നിന്നെ എവിടെ എത്തിച്ചാലും എന്റെ പ്രാർഥനകൾ എപ്പോഴും നിന്റെ നിഴലായി കൂടെയുണ്ടാകും. വരാനിരിക്കുന്ന വർഷങ്ങൾ നിനക്ക് സമാധാനവും സന്തോഷവും നൽകട്ടെ. എന്റെ പ്രിയപ്പെട്ട മകൾക്ക് 30-ാം ജന്മദിനാശംസകൾ. ഏറ്റവും നല്ല നിമിഷങ്ങൾ നിന്നെ കാത്തിരിക്കുന്നു. ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടായിരിക്കും. എല്ലാ സ്‌നേഹത്തോടെയും, അച്ഛൻ'- റഹ്‌മാൻ കുറിച്ചു.

സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്‌മാനുണ്ട്.

Content Highlights: rahman shares a heartfelt note on daughters birthday