പിന്നെയാണ് ഓര്‍മ്മിച്ചത് ഷാരൂഖ് ഖാന്റെ വീട്ടില്‍ ഒരാള്‍ക്ക് മുറിയല്ല, സ്വന്തമായി നിലകളാണ് ഉള്ളതെന്ന് -രാഘവ് ജുയല്‍

ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ സിനിമയാണ് ദി ബാഡ്‌സ് ഓഫ് ബോളിവുഡ്. നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ രാഘവ് ജുയലും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ആസ്മാന്റെ സുഹൃത്തായാണ് രാഘവ് വേഷമിടുന്നത്. മുംബൈയിലെ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഷാരൂഖിന്റെയും ആര്യന്‍ ഖാന്റെയും 'മന്നത്തിന്റെ' സൗകര്യങ്ങളില്‍ മതിമറന്നു പോയിരിക്കുകയാണ് ഷാരൂഖിന്റെ ആരാധകനും കൂടിയായ രാഘവ് ജുയല്‍.
അഭിനയരംഗത്ത് പത്ത് വര്‍ഷത്തിലേറെ പരിചയമുണ്ടെങ്കിലും ആദ്യമായാണ് രാഘവ് മന്നത്തിനുള്ളില്‍ കയറുന്നത്. വീട്ടിനുള്ളില്‍ കയറുന്നതിനായി എയര്‍പോട്ടില്‍ ഉള്ളതുപോലെ സ്‌കാനറുകള്‍ ഉള്ളതായി രാഘവ് ഓര്‍മ്മിച്ചു. ജോലി അന്വേഷിച്ച് വന്നയാളാണോ എന്ന് അവിടെയുള്ളവര്‍ സംശയിച്ചതിനാല്‍ താനും സ്‌കാനറിന്റെ പരിശോധന കഴിഞ്ഞ ശേഷമാണ് അകത്ത് കടന്നത് എന്ന് രാഘവ് പറഞ്ഞു. വീടിനുള്ളില്‍ മുറിയെവിടെയാണ് എന്ന തന്റെ ചോദ്യത്തിന് ആര്യന്‍ ചിരിയാണ് മറുപടിയായി തന്നതെന്നും രാഘവ് പങ്കുവെച്ചു.
'അറിയാതെ ഞാന്‍ ആര്യനോട് അദ്ദേഹത്തിന്റെ മുറി എവിടെയാണ് എന്ന് ചോദിച്ചുപോയി. പിന്നെയാണ് എനിക്ക് ഓര്‍മ്മ വന്നത്, ഇത് ഷാരൂഖ് ഖാന്റെ വീടാണ്. ഇവിടെ മുറിയല്ല പകരം ഒരു നില മുഴുവന്‍ നിങ്ങളുടേതായിരിക്കും എന്നത്' രാഘവ് അഭിമുഖത്തില്‍ പറഞ്ഞു. മന്നത്തില്‍ ആര്യനോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിച്ചതായും രാഘവ് കൂട്ടിച്ചേര്‍ത്തു.
ആദ്യമായി മന്നത്ത് സന്ദര്‍ശിച്ചതിന്റെ സന്തോഷത്തില്‍ പുറത്തിറങ്ങിയ ഉടന്‍ രാഘവ് അമ്മയെ ആണ് വിളിച്ചത്. ചെറുപ്പം മുതലേ ഷാരുഖിന്റെ ഏറ്റവും വലിയ ആരാധകനായാണ് രാഘവ് പരിചയപ്പെടുത്തുക. വീട്ടിലുള്ളവരും അമ്മയുമെല്ലാം ഷാരൂഖിന്റെ ആരാധകരാണ്. മന്നത്ത് സന്ദര്‍ശിച്ചു എന്ന കേട്ടപ്പോള്‍ രാഘവിന്റെ അമ്മയ്ക്കും ചോദ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ' വീടിനുള്ളില്‍ എങ്ങനെയാണ്, ബാത്ത്‌റൂം കണ്ടോ, ലൈബ്രറി കണ്ടോ,' എന്നിങ്ങനെയുള്ള അമ്മയുടെ സംശയങ്ങള്‍ക്ക് താന്‍ അവിടെ ബ്രോക്കറായല്ല പോയത് എന്ന മറുപടിയാണ് രാഘവ് നല്‍കിയത്.
തന്റെ പ്രിയപ്പെട്ട താരത്തിന്റെ കൂടെ അഭിനയിക്കാന്‍ ലഭിച്ച ഓരോ അവസരങ്ങളും സ്വപ്‌നം പോലെയാണ് തോന്നിയിട്ടുള്ളത് രാഘവ് പറഞ്ഞു. മന്നത്തിലേക്കുള്ള സന്ദര്‍ശനവും സ്വപ്‌നമായിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ 'ഹാപ്പി ന്യു ഇയറി'ല്‍ നൃത്തരംഗത്തില്‍ അഭിനയിക്കുമ്പോഴാണ് രാഘവ് ആദ്യമായി ഷാരൂഖിനെ നേരില്‍ കാണുന്നത്. എന്നാല്‍ ചെറുപ്പം മുതലേ താന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും ഓര്‍ക്കുട്ട് ഇറങ്ങിയ കാലം തൊട്ട് അദ്ദേഹത്തിനായി ഫാന്‍സ് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ടെന്നും രാഘവ് പറഞ്ഞു.
Content Highlights: Raghav Juyal recounts his awe-inspiring first visit to Shah Rukh Khan`s Mannat.