വാഗ്ദാനം മാറി, ടാർഗെറ്റ് മാറിയില്ല; ക്വിക് ഡെലിവറിയിൽ കുടുങ്ങി ഗിഗ് തൊഴിലാളികൾ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: AFP
പ്രതീകാത്മക ചിത്രം| ഫോട്ടോ: AFP

ബെംഗളൂരു: പത്ത് മിനിറ്റിൽ ഓർഡർ ചെയ്ത സാധാനങ്ങൾ കൈയിലെത്തിക്കുന്ന ക്വിക് ഡെലിവറി ഉപേക്ഷിക്കാനുള്ള കേന്ദ്ര നിർദേശം പൂർണമായി പാലിക്കാതെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ. മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികളുടെ 10 മിനിറ്റ് ഡെലിവറി വാഗ്ദാനം പിൻവലിച്ചുവെങ്കിലും ഫലത്തിൽ ഇപ്പോഴും തുടരുന്നുവെന്നാണ് ആരോപണം. പഴയപോലെ തന്നെ വേഗത്തിൽ വിതരണം നടത്താതിരുന്നാൽ വരുമാനം നഷ്ടമാകുന്ന സ്ഥിതിയാണ് ഡെലിവറി പങ്കാളികളായി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾ പറയുന്നു.

കുറഞ്ഞ സമയത്തിൽ കൂടുതൽ ഡെലിവറി നടത്താൻ സാധിക്കാതെ വന്നാൽ കമ്പനികൾ നിശ്ചയിച്ച ടാർഗെറ്റ് പൂർത്തിയാക്കാൻ സാധിക്കാതെ വരും. അപ്പോൾ പിഴയുടെ രൂപത്തിൽ അടക്കം തങ്ങളുടെ വരുമാനം കുറയുന്നുവെന്നാണ് ഇവർ പറയുന്നത്. അതിനാൽ ടാർഗെറ്റ് പൂർത്തിയാക്കാൻ ഇപ്പോളും അതിവേഗത്തിൽ പായേണ്ട അവസ്ഥയിൽ തന്നെയാണ് മിക്കവരും.

തിരക്കേറിയ സമയത്ത് 35 ഡെലിവറികൾ നടത്തണമെന്ന ടാർഗെറ്റ് ഇപ്പോഴുമുണ്ടെന്നും വേഗത്തിൽ പായാതെ ഇത് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ സ്ഥാപനങ്ങൾ മൊബൈൽ ആപ്പുകളിൽനിന്ന് പത്ത് മിനിറ്റ് ഡലിവെറി വാഗ്ദാനം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പല ഓർഡറുകളിലും നിശ്ചയിക്കുന്ന സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിച്ചിട്ടില്ലെങ്കിൽ ഗിഗ് തൊഴിലാളികളിൽനിന്ന് പിഴ ഈടാക്കും.

ഗതാഗതത്തിരക്ക് അതിരൂക്ഷമായ ബെംഗളൂരുവിൽ ഗിഗ് തൊഴിലാളികൾ ഏറെ കഷ്ടപ്പെടുകയാണ്. ആപ്പ് പ്രകാരമുള്ള സമയത്തിനുള്ളിൽ ഡെലിവറി നടത്തുക എളുപ്പമല്ല. നഗരത്തിൽ എപ്പോഴാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല.

എത്ര നേരം കുരുക്കിൽപ്പെട്ട് കിടക്കേണ്ടി വരുമെന്നും പറയാൻ സാധിക്കില്ല. മണിക്കൂറുകൾ കുരുക്കിൽപ്പെടുന്നതും പതിവാണ്. അതിനാൽ ക്വിക്ക് ഡെലിവറി നിർത്തിയാലും മറ്റ് വിധത്തിലുള്ള ടാർഗെറ്റുകളുള്ളതിനാൽ ഗിഗ് തൊഴിലാളികൾ അതിവേഗത്തിൽ പായുന്നത് തുടരുകയാണ്.

തൊഴിലാളികളുടെ സുരക്ഷയെ കരുതിയാണ് കേന്ദ്ര സർക്കാർ നിർദേശം മുന്നോട്ടുവെച്ചത്. തിരക്കേറിയ റോഡുകളിൽ പത്ത് മിനിറ്റ് ഡെലിവറിയ്ക്കായി ഇരുചക്രവാഹനങ്ങളിൽ തൊഴിലാളികൾ പായുന്നത് അപകടത്തിന് കാരണമാകുണ്ട്. അമിത സമ്മർദത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇത് കാരണമാകുന്നുണ്ട്.

Content Highlights: E-commerce firms continue 10-minute deliveries despite government order.